ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും മകള്‍ക്കുമെതിരായ പോസ്റ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍നിന്നും നീക്കം ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം. കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേശ്, പവന്‍ഖേരാ, നെറ്റാ ഡിസൂസ എന്നിവര്‍ക്കാണ് നിര്‍ദേശം. ഇവര്‍ക്കെതിരെ രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്മൃതി ഇറാനി സമര്‍പ്പിച്ച മാനനഷ്ടക്കേസിലാണ് ജഡ്ജി മിനി പുഷ്‌കര്‍ണയുടെ ഇടക്കാല ഉത്തരവ്.
ഗോവയില്‍ സ്മൃതി ഇറാനിയുടെ മകളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിന് ബാര്‍ലൈസന്‍സ് ലഭിക്കാന്‍ മരിച്ച വ്യക്തിയുടെ പേരില്‍ അപേക്ഷ നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ആരോപണം അടിസ്ഥാനരഹിതമാണെന്ന സ്മൃതിയുടെ വാദം പൂര്‍ണമായി ശരിവയ്ക്കുന്ന നിലപാടാണ് ഹര്‍ജി പരിഗണിച്ച ആദ്യദിനം തന്നെ ഹൈക്കോടതി സ്വീകരിച്ചത്.