ബീജിംഗ്: ചൈനയുമായുള്ള ബന്ധം അങ്ങേയറ്റം സങ്കീര്‍ണ്ണമായ അവസ്ഥയിലാണെന്ന വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കറുടെ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി ചൈന.
ബന്ധങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ഒരേ രീതിയില്‍ ചിന്തിച്ച് മുന്നോട്ട് പോകാന്‍ ഇന്ത്യ തയ്യാറാകണമെന്ന് ചൈനീസ് വിദേശകാര്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു. പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ചൈന വ്യക്തമാക്കി.
ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് വെന്‍ബിന്‍ പറഞ്ഞു. ചൈനയും ഇന്ത്യയും ഒരുമിച്ച് നിന്നാല്‍ മാത്രമേ ഏഷ്യക്ക് ഗുണം ഉണ്ടാവുകയുള്ളൂവെന്ന് വെന്‍ബിന്‍ അഭിപ്രായപ്പെട്ടു. രണ്ട് പ്രാചീന സംസ്കൃതികളുടെ ഉടമകളാണ് ഇന്ത്യയും ചൈനയും. രണ്ട് വന്‍ ശക്തികളും വളരുന്ന രണ്ട് സമ്ബദ്ഘടനകളുടെ ഉടമകളുമാണ് ഇരു രാജ്യങ്ങളും. വൈജാത്യങ്ങളേക്കാള്‍ പൊതുതാത്പര്യങ്ങള്‍ സംരക്ഷിക്കേണ്ട രാജ്യങ്ങളാണ് ഇരു കൂട്ടരും. ഇരുവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍ക്ക് വികസനം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബന്ധങ്ങള്‍ പുനസ്ഥാപിക്കാനുള്ള വിവേകം ഇന്ത്യക്കും ചൈനക്കും ഉണ്ടെന്നും വിന്ബെന് ചൂണ്ടിക്കാട്ടി.
അതേസമയം, അതിര്‍ത്തിയിലെ ചൈനയുടെ ചെയ്തികളാണ് ബന്ധം വഷളാകാന്‍ കാരണം എന്നതാണ് ഇന്ത്യയുടെ നിലപാട്. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന കടന്നുകയറാന്‍ തുനിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഓസ്ട്രേലിയ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ ക്വാഡ് സഹകരണം ശക്തമാക്കിയതിനെതിരെ ചൈന നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെതിരെയും ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.