ന്യൂഡല്‍ഹി: റോഡപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ 7 മാസമായി അബോധാവസ്ഥയില്‍ കിടന്നിരുന്ന യുവതി ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന 23-കാരി അബോധാവസ്ഥയില്‍ തുടരവേയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഡല്‍ഹിയിലെ എയിംസ് ട്രോമ സെന്ററിലായിരുന്നു സംഭവം.
ഏഴ് മാസത്തോളമായി അബോധാവസ്ഥയില്‍ കഴിയുന്ന യുവതിയുടെ തലയ്‌ക്ക് നിരവധി ശസ്ത്രക്രിയകള്‍ ഡോക്ടര്‍മാര്‍ ചെയ്തിരുന്നു. 2022 ഏപ്രില്‍ 1ന് പുലര്‍ച്ചെ 4.30 നായിരുന്നു ഭര്‍ത്താവിനൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ 23-കാരി അപകടത്തില്‍പ്പെട്ടത്. ഹെല്‍മെറ്റ് ധരിക്കാതെയായിരുന്നു ഇവര്‍ വാഹനമോടിച്ചിരുന്നത്. യുപിയിലെ ബുലന്ദ്ഷഹറില്‍ വെച്ചായിരുന്നു അപകടം. റോഡിലേക്ക് വീണ യുവതിയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
വിവാഹിതരായി വെറും ഒന്നരമാസം പിന്നിടുമ്ബോഴായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ യുവതി അബോധാവസ്ഥയിലായിരുന്നു. ഇതിനിടെ പരിശോധനയില്‍ യുവതി ഗര്‍ഭിണിയാണെന്നും സ്ഥിരീകരിച്ചു. തലയുടെ പരിക്ക് അതീവ ഗുരുതരമായതിനാല്‍ 7 മാസത്തിനിടെ 5 ന്യൂറോ സര്‍ജിക്കല്‍ ഓപ്പറേഷനുകള്‍ അവള്‍ക്ക് നടത്തിതായി ഡോക്ടര്‍മാര്‍ പറയുന്നു.
നിലവില്‍ പ്രസവശേഷവും യുവതി അബോധാവസ്ഥയില്‍ തുടരുകയാണ്. ആദ്യം വെന്റിലേറ്ററിന്റെ പിന്തുണയോടെയായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ യുവതിക്ക് സ്വയം ശ്വസിക്കാന്‍ കഴിയുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അവള്‍ക്ക് ബോധം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് (10-15 ശതമാനം) ഡോക്ടര്‍മാര്‍ പറയുന്നത്.
യുവതി അബോധാവസ്ഥയില്‍ ആയതിനാല്‍ അവളുടെ ഗര്‍ഭം തുടരണമോ വേണ്ടയോ എന്നതിനെക്കുറിച്ച് ആദ്യമാസങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു. അള്‍ട്രാസൗണ്ട് പരിശോധനകളില്‍ ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങളില്ലെന്ന് സ്ഥിരീകരിച്ചതോടെ ഗര്‍ഭാവസ്ഥയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു കുടുംബം. തുടര്‍ന്ന് ഒക്ടോബര്‍ 22ന് എയിംസ് ട്രോമ സെന്ററില്‍ 2.5 കിലോഗ്രാം ഭാരമുള്ള പെണ്‍കുഞ്ഞ് യുവതിക്ക് ജനിച്ചു. ഡല്‍ഹി എയിംസിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിലെ സംഘമാണ് പ്രസവത്തിന് നേതൃത്വം നല്‍കിയത്.