രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമായിരിക്കുന്നു. ഡല്‍ഹിയില്‍ നടന്ന ആറാമത് ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
വീടും അവസരങ്ങളും തമ്മിലെ അകലം കുറയ്ക്കുക എന്നതാണ് ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഈവര്‍ഷത്തെ പ്രമേയം. 5ജിയിലേക്കുള്ള ഇന്ത്യന്‍ ചുവടുവെപ്പിനാധാരവും അതുതന്നെ.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ മേഖലയില്‍ ഏറ്റവും വലിയ നേട്ടം കൈവരിച്ച രാഷ്ട്രമാണ് ഇന്ത്യ. ഡിജിറ്റല്‍ സാമ്ബത്തിക ഇടപാടില്‍ 2021-22ല്‍ നമ്മുടെ രാഷ്ട്രം വികസിത രാഷ്ട്രങ്ങളെപ്പോലും കടത്തിവെട്ടി ഒന്നാം സ്ഥാനത്താണുള്ളത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ നമ്മുടെ സാമ്ബത്തിക ഇടപാടുകള്‍ അതിവേഗം ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറി. പലപ്പോഴും സാങ്കേതിക മുന്നേറ്റങ്ങളും വളരെ പതുക്കെ മാത്രം സ്വീകരിച്ചിരുന്ന പതിവില്‍നിന്ന് മാറി ഇപ്പോള്‍ അതിവേഗത്തില്‍ സ്വീകരിക്കാന്‍ ആബാലവൃദ്ധം ജനങ്ങളും നിര്‍ബന്ധിതമായിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.
ഇന്റര്‍നെറ്റില്ലാത്ത ഒരുദിവസം ഇന്ന് ഇന്ത്യക്ക് ചിന്തിക്കാന്‍ കഴിയില്ല. ഇ-സര്‍ക്കാര്‍, ഇ-ബാങ്കുകള്‍, ഇ-ഓഫിസുകള്‍, ഇ-സിനിമ തുടങ്ങിയ സംവിധാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ കഴിയാത്തത് തടസ്സമില്ലാത്ത, അതിവേഗ ഇന്റര്‍നെറ്റ് ലഭ്യത ഇല്ലാത്തതുകൊണ്ടായിരുന്നു. 5ജി സംവിധാനം സാര്‍വത്രികമാകുന്നതോടെ അതിനൊരു പരിഹാരമാവും.
നിലവില്‍ രാജ്യത്ത് ഉപയോഗിച്ചുവരുന്ന 4ജിയുടെ പത്ത് മടങ്ങ് വേഗമാണ് 5ജിയില്‍ പ്രതീക്ഷിക്കുന്നത്. 5ജിയുടെ ഏറ്റവും വലിയ പ്രത്യേകത അത് നാലാം വ്യവസായിക വിപ്ലവത്തിന് കളമൊരുക്കുന്ന സാങ്കേതികവിദ്യകളിലുണ്ടാവുന്ന മാറ്റങ്ങളുടെ ആക്കംകൂട്ടുമെന്നാണ്. നമ്മുടെ ജനസംഖ്യ വളര്‍ച്ചയെയും സാങ്കേതികമുന്നേറ്റങ്ങളെയും ഒരുമിപ്പിച്ചാല്‍ സാമ്ബത്തികവളര്ച്ചയും വികസനവുമെന്ന ലക്ഷ്യം എളുപ്പമാക്കാന്‍ 5ജിയിലൂടെ സാധിക്കുമെന്നും കണക്കുകൂട്ടപ്പെടുന്നുണ്ട്. 5ജിയും അനുബന്ധ സേവനങ്ങളും ശാസ്ത്രീയമായി ദീര്‍ഘവീക്ഷണത്തോടെ ഉപയോഗിച്ചാല്‍ നമ്മുടെ വിദ്യാഭ്യാസത്തിന്റെയും നൈപുണി വികസനത്തിന്റെയും ഗുണമേന്മ ഉറപ്പാക്കാന്‍ കഴിയും. 2025-30 ആവുമ്ബോഴേക്ക് യുവത്വത്തിന്റെ നാടായിമാറുന്ന ഇന്ത്യയില്‍ കൂടുതല്‍ കരുത്തും മത്സരബുദ്ധിയുമുള്ള ജനതയും ഉണ്ടാകേണ്ടതുണ്ട്. അതിന് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്. ശരിയാംവിധം ഉപയോഗിക്കാനായാല്‍ 5ജിയുടെ വേഗതയും അനുബന്ധ സാങ്കേതികവിദ്യകളും ഇതിന് സഹായകമാവും. എന്നാല്‍, നമ്മുടെ യൂനിവേഴ്സിറ്റികളും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും ഇപ്പോഴും പരമ്ബരാഗത ഡിഗ്രി, ഡിപ്ലോമ വിതരണകേന്ദ്രം എന്നനിലയില്നിന്ന് മാറിയിട്ടില്ല.
ആരോഗ്യരംഗത്ത് വമ്ബിച്ച മുന്നേറ്റമുണ്ടാക്കാന്‍ 5ജിക്ക് കഴിയും. ഗ്രാമപ്രദേശങ്ങളിലുള്ള പ്രാഥമിക- താലൂക്ക് ആശുപത്രികളെ നഗരങ്ങളിലെ വലിയ ആശുപത്രികളുമായും മെഡിക്കല്‍ കോളജുകളുമായും ബന്ധിപ്പിക്കാനും വികസിപ്പിക്കാനും അധിക സാമ്ബത്തിക നിക്ഷേപങ്ങളില്ലാതെ സാധിക്കും. പ്രഗത്ഭ ഡോക്ടര്‍മാരുടെ നിരീക്ഷണവും മേല്‍നോട്ടവും പ്രശ്നപരിഹാര മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യരംഗത്ത് പ്രത്യേകിച്ച്, ഗ്രാമീണ ആരോഗ്യമേഖലയില്‍ വന്‍ മുന്നേറ്റമാണ് സാധ്യമാക്കുക. യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഓപറേഷന് അടക്കമുള്ള വൈദ്യശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ 5ജി ലഭ്യത ഇതിനകംതന്നെ വലിയ സംഭാവനയാണ് നല്‍കുന്നത്.
നേട്ടങ്ങളെ പൂര്‍ണമായി അംഗീകരിക്കുമ്ബോഴും അത് നമ്മുടെ നാടിന്റെ തൊഴിലിനെയും പരമ്ബരാഗത മാര്‍ഗങ്ങളെയും എങ്ങനെ ബാധിക്കുമെന്നും ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ നാം എന്തു തയാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട് എന്നും നമ്മുടെ രാഷ്ട്രീയ-ഭരണ നേതൃത്വം മനസ്സിലാക്കിയിട്ടില്ല എന്നത് നിരാശജനകമാണ്. വിദ്യാഭ്യാസത്തിലും നൈപുണി പരിശീലനത്തിലും പരമ്ബരാഗത രീതി പിന്തുടരുകയും സാങ്കേതികമാറ്റങ്ങള്‍ ത്വരിതഗതിയില്‍ നടപ്പിലാവുകയും ചെയ്യുമ്ബോള്‍ അത് രൂക്ഷമായ തൊഴിലില്ലായ്മയിലേക്കും സാമൂഹിക വിപത്തുകളിലേക്കും എത്തിക്കാനിടയുണ്ട്.
ലോക സാമ്ബത്തിക ഫോറത്തിലെ സെമിനാറില്‍ നടത്തിയ ശ്രദ്ധേയമായ പ്രഭാഷണത്തില്‍ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ പ്രകടിപ്പിച്ച ഒരു സങ്കടം രാഷ്ട്രങ്ങള്‍ എന്തുകൊണ്ട് തങ്ങളുടെ സാങ്കേതിക മുന്നേറ്റങ്ങളെ സാങ്കേതികമികവോടെ തദ്ദേശീയ സര്‍ക്കാര്‍ മാര്‍ഗങ്ങളുപയോഗിച്ച് മോണിറ്റര്‍ ചെയ്യുന്നില്ല എന്നതായിരുന്നു.