തിരുവനന്തപുരം: സ്‌കൂളുകളില്‍ പ്രൊജക്റ്റിന്റെ ഭാഗമായി വായനയെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. അത്യാധുനിക സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും പരിവര്‍ത്തനങ്ങള്‍ വരുത്തുന്നുണ്ട്. എങ്കിലും വായനയ്ക്ക് പകരം വയ്ക്കാന്‍ വായന മാത്രമേ ഉള്ളുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ പഠനത്തില്‍ വായനയെ ഒരു പദ്ധതിയാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാക്ഷരതാ മിഷന്റെ അഭിമുഖ്യത്തില്‍ നടന്ന വായനാദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളില്‍ വായന ശീലം വളര്‍ത്താന്‍ വായനയുടെ വസന്തമെന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിക്കായി 12 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്.അതില്‍ പതിനായിരം പുസ്തകങ്ങള്‍ക്ക് മുകളില്‍ ശേഖരിച്ചിട്ടുള്ള സ്‌കൂളുകളില്‍ പാര്‍ടൈം ലൈബ്രേറിയന്മാരെ നിയമിക്കും. സ്‌കൂള്‍ ലൈബ്രറിയുടെ ചുമതല അധ്യാപകര്‍ക്കു നല്‍കുമെന്നും മന്ത്രി അറിയിച്ചു.
സാങ്കേതിക വിദ്യ പുതിയ വായനാനുഭവം സമ്മാനിക്കുന്ന കാലത്ത് കുട്ടികളെ പുസ്തകങ്ങളുമായി അടുപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.