മുംബൈ: കൊറിയര്‍ പാഴ്സലില്‍ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് മുംബൈയില്‍ പിടികൂടി. 15 കോടി രൂപ വിലവരുന്ന 1.9 കിലോ മയക്കുമരുന്നാണ് പാഴ്‌സലിനുളളില്‍ ഉണ്ടായിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇത് പിടികൂടിയത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മുംബൈയിലെ എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ പാഴ്‌സല്‍ തടഞ്ഞു വച്ചിരുന്നു.
പാരീസില്‍ നിന്നാണ് പാഴ്‌സല്‍ അയച്ചിരിക്കുന്നത്. മുംബൈയിലെ നലസോപാര എന്ന സ്ഥലത്തെ അഡ്രസിലാണ് മയക്കുമരുന്ന് എത്തിയത്. ഗുളിക രൂപത്തിലുള്ള 1.9 കിലോ ആംഫെറ്റാമൈനാണ് പിടിച്ചെടുത്തത്. രാജ്യാന്തര വിപണിയില്‍ ഇതിന് 15 കോടിയിലധികം രൂപ വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പോളിത്തീന്‍ കവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.