ഈറോഡ്: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും സ്‌കൂള്‍ ഹോസ്റ്റലില്‍ പോകാന്‍ നിര്‍ബന്ധിച്ച അമ്മയെ മകന്‍ കൊലപ്പെടുത്തി.
സത്യമംഗലം താലൂക്കിലെ പുഞ്ചൈ പുളിയംപട്ടിയിലാണ് 15 കാരന്‍ അമ്മയെ കൊലപ്പെടുത്തിയത്.
കോണ്‍ട്രാക്ടറായ അരുള്‍ സെല്‍വന്‍റെ (42) ഭാര്യ ഇലക്‌ട്രിസിറ്റി ബോര്‍ഡില്‍ ജോലി ചെയ്യുന്ന യുവറാണിയാണ് (36) കൊല്ലപ്പെട്ടത്. ഇവര്‍ക്ക് 12 വയസയ മകളുമുണ്ട്. സത്യമംഗലത്തെ സ്വകാര്യ സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടി ഹോസ്റ്റലില്‍ താമസിച്ചു വരികയും പെണ്‍കുട്ടി പുളിയംപട്ടിയിലെ സ്വകാര്യ സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുകയുമായിരുന്നു.അടുത്തിടെ ഹോസ്റ്റലില്‍ നിന്നും തിരിച്ചെത്തിയ 15കാരന്‍ വീട്ടില്‍ നിന്നുമാണ് സ്കൂളില്‍ പോയിക്കൊണ്ടിരുന്നത്.
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞപ്പോള്‍ യുവറാണി കുട്ടിയെ ശാസിക്കുകയും ഹോസ്റ്റലിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതില്‍ കുപിതനായ കുട്ടി ബുധനാഴ്ച അമ്മയുമായി വഴക്കിട്ടു. അരുള്‍ സെല്‍വന്‍ ജോലിക്ക് പോയ സമയം മൂവരും ഉറങ്ങുമ്ബോള്‍ രാത്രി 12മണിക്കാണ് വിദ്യാര്‍ഥി കൃത്യം നടത്തിയത്. ഫ്ലവര്‍വേസും ഹോളോബ്ലോക്കും ഉപയോഗിച്ച് അമ്മയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവറാണിയുടെ തലയ്ക്ക് പരിക്കേറ്റു. ശബ്ദം കേട്ടുണര്‍ന്ന പെണ്‍കുട്ടി കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെയാണ്. ഉടന്‍ തന്നെ നിലവിളിച്ചു ആളെ കൂട്ടി. അയല്‍വാസികള്‍ ചേര്‍ന്ന് യുവറാണിയെ സത്യമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പുഞ്ചൈ പുളിയംപട്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയെ പിന്നീട് പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.