ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയില്‍ ഹിമപാതത്തില്‍ പെട്ട് കാണാതായവര്‍ക്കുള്ള തിരച്ചില്‍ വീണ്ടുമാരംഭിച്ചു.കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്.
പര്‍വതാരോഹക സംഘത്തിലെ 15 പേരെ രക്ഷപ്പെടുത്തി. അഞ്ചുപേരെ ഉത്തരകാശി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നിസാര പരുക്കുകളേറ്റ പത്തുപേരെ വീട്ടിലേക്ക് തിരിച്ചയച്ചു. 27 പര്‍വ്വതാരോഹകര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
ഉത്തരകാശി ആസ്ഥാനമായുള്ള നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിലെ ഒരു കൂട്ടം പര്‍വ്വതാരോഹകരാണ് ഹിമപാതത്തില്‍പ്പെട്ടത്. രണ്ട് ഇന്‍സ്ട്രക്ടര്‍മാരും ട്രെയിനികളും ഉള്‍പ്പെടെ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
15 ദിവസത്തിനുള്ളില്‍ എവറസ്റ്റും മകാലു കൊടുമുടിയും കീഴടക്കി ദേശീയ റെക്കോര്‍ഡ് നേടിയ പര്‍വതാരോഹക സവിത കന്‍സ്വാളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഉത്തരാഖ്ഡ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മരണം സ്ഥിരീകരിച്ചു. ഭുക്കി ഗ്രാമത്തില്‍ നിന്നുള്ള മറ്റൊരു ഇന്‍സ്ട്രക്ടര്‍ നൗമി റാവത്തും മരിച്ചു. മറ്റ് രണ്ട് മൃതദേഹങ്ങള്‍ ട്രെയിനികളുടേതാണ്, അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.