ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. കഴിഞ്ഞ ദിവസം മനോരമ ന്യൂസ് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒരു ഭാഷ, ഒരു മതം, ഒരു സംസ്കാരം എന്നത് ഇന്ത്യയില്‍ സാധ്യമല്ല. ഇന്ത്യയില്‍ നിരവധി ഭാഷകളുണ്ട്. അതിനാല്‍ ഒരു ദേശീയ ഭാഷ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഭാഷയെയും ഒരു മതത്തെയും പ്രോത്സാഹിപ്പിക്കുന്നവര്‍ നമ്മുടെ ഐക്യം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. അത്തരക്കാര്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ശത്രുക്കളാണ്. ഒരു ഭാഷ അധികാരത്തിന്റെ ഭാഷയാകുമ്ബോള്‍ പ്രാദേശിക ഭാഷകള്‍ ദുര്‍ബലമാകും. രാജ്യത്ത് ഒരു സംസ്കാരമല്ല ഉള്ളത്. ഓരോ സംസ്ഥാനവും വ്യത്യസ്തമാണെന്നും സ്റ്റാലിന് വ്യക്തമാക്കി.
രാജ്യത്തിന് അഭിവൃദ്ധി ഉണ്ടാകാനുള്ള ഏക മാര്‍ഗം ശക്തമായ സ്വയംഭരണ സംസ്ഥാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ ഡിഎംകെയും സിപിഎമ്മും തമ്മിലുള്ള സഖ്യം പ്രത്യയശാസ്ത്രപരമാണ്. അത് കേവലം തിരഞ്ഞെടുപ്പ് സഖ്യമല്ലെന്നും സ്റ്റാലിന് വ്യക്തമാക്കി.