കോട്ട: സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സെന്‍ററുകളില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. അങ്കുഷ്, ഉജ്വല്‍, പ്രണവ് എന്നിവരാണ് ആത്മഹത്യ ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.
രാജസ്ഥാനിലെ കോട്ടയില്‍ തിങ്കളാഴ്ചയാണ് സംഭവം. അങ്കുഷ്, ഉജ്വല്‍ എന്നിവര്‍ ബിഹാര്‍ സ്വദേശികളാണ്. മെഡിക്കല്‍, എന്‍ജിനിയറിങ് മത്സരപരീക്ഷകളുടെ പരിശീലനത്തിനാണ് ഇവര്‍ കോച്ചിങ് സെന്‍ററില്‍ എത്തിയത്.
അടുത്തടുത്ത മുറികളിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. മധ്യപ്രദേശ് സ്വദേശിയാണ് മരിച്ച പ്രണവ്. നീറ്റ് പരീക്ഷക്കായി തയാറെടുക്കുകയായിരുന്നു പ്രണവെന്നും ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.
നേരത്തെയും കോട്ടയില്‍ മത്സരപരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയിരുന്നു. കോച്ചിങ് സെന്‍ററുകളിലെ സമയക്രമവും പരീക്ഷകളും വിദ്യാര്‍ഥികളില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.