ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ തീപിടിത്തം. ഞായറാഴ്ച രാത്രി 10.55ഓടെ എട്ടാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ട ഇന്‍ഡോര്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചിനാണ് തീപിടിച്ചത്.
കോച്ചില്‍ നിന്ന് വലിയ തോതില്‍ പുക ഉയരുന്നത് കണ്ട് യാത്രക്കാരനായ അസിം എന്നയാളാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ആര്.പി.എഫ്, റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തീ ആളിപ്പടര്‍ന്നതോടെ അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം കോച്ച് പൂര്‍ണമായി കത്തിനശിച്ചു.
ട്രെയിനിന്റെ പിന്നിലുള്ള മൂന്നാം നമ്ബര്‍ കോച്ചിനാണ് തീപിടിച്ചത്. ആളപായാം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോച്ചില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല എന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ഇന്‍ഡോറിലേക്ക് പോവേണ്ടതായിരുന്നു ട്രെയിന്‍.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അപകടത്തിന്റെ കാരണം അന്വേഷിക്കുമെന്നും അവര്‍ വ്യക്തമാക്കി.