വി.ഡി ശെല്‍വരാജ്
തിരുവനന്തചപുരം: ഉപഗ്രഹത്തില്‍ നിന്ന് മൊബൈലിലേക്ക് നേരിട്ട് ലോകമൊട്ടാകെ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന ബ്രിട്ടീഷ് കമ്ബനി വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ കൃത്യ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്‌ആര്‍ഒ ആഗോളതലത്തില്‍ കരുത്തറിയിച്ചു.
ഞായര്‍ പുലര്‍ച്ചെ 12.7ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച എല്‍വിഎം 3 റോക്കറ്റിലാണ് ഉപഗ്രഹങ്ങള്‍ ലക്ഷ്യം കണ്ടത്. വണ്‍ വെബ്ബുമായുള്ള 1000 കോടിയുടെ കരാറിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 36 ഉപഗ്രങ്ങള്‍ വിക്ഷേപിച്ചത്. രണ്ടാംഘട്ടമായി അടുത്ത 36 ഉപഗ്രഹങ്ങള്‍ ജനുവരി അവസാനം വിക്ഷേപിക്കും.
ആഗോള ഉപഗ്രഹ വിക്ഷേപണ വിപണിയില്‍ നിന്നും പത്തുശതമാനം നേടുകയെന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിന് ഏറെ ഉത്തേജനമാണ് ഇപ്പോഴത്തെ വിക്ഷേപണം. 400 ബില്യണ്‍ ഡോളറിന്റെ ബഹിരാകാശ വിപണിയില്‍ രണ്ടുശതമാനം മാത്രമാണ് ഇപ്പോള്‍ ഇന്ത്യയുടെ പങ്ക്. ഒരുകിലോ ശൂന്യാകാശത്ത് എത്തിക്കാന്‍ 15000 ഡോളറാണ് അന്താരാഷ്ട്ര നിരക്ക്. ഇന്ത്യ ഏകദേശം പതിനായിരം ഡോറളിനാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നതെന്നറിയുന്നു.
ഇന്നലെ വിക്ഷേപിച്ച 36 ഉപഗ്രഹങ്ങളുടെ ആകെ തൂക്കം 5796 കിലോ (5.7 ടണ്‍) ആണ്. ഇന്ത്യ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും കരുത്തേറിയ റോക്കറ്റാണ് ഇന്നലെ വിക്ഷേപിച്ച എല്‍വിഎം 3. 43 മീറ്റര്‍ ഉയരമുള്ള റോക്കറ്റിന് 644 ടണ്‍ ഭാരമുണ്ടായിരുന്നു. ശ്രീഹരിക്കോട്ടയില്‍ അര്‍ദ്ധരാത്രിയെ പ്രകാശപൂരിതമാക്കി കുതിച്ചുയര്‍ന്ന റോക്കറ്റ് വിക്ഷേപണത്തിന്റെ 19ാം മിനിറ്റില്‍ 760 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥ ലക്ഷ്യത്തിലെത്തി.
ആകെ 468 ഉപഗ്രഹങ്ങളുടെ ശൃംഖല തീര്‍ത്ത് ലോകമൊട്ടാകെ വാര്‍ത്താവിനിമയം ഒരുക്കാനാണ് വണ്‍ വെബ്ബിന്റെ ലക്ഷ്യം. ഉപഗ്രഹവിക്ഷേപണത്തിനായി റഷ്യയുമായി കരാര്‍ ഒപ്പിട്ടിരുന്ന വണ്‍ വെബ്ബ്, യുക്രെയിന്‍ യുദ്ധപശ്ചാത്തലത്തിലാണ് അതില്‍ നിന്ന് പിന്‍മാറി നാലുമാസം മുമ്ബ് ഇന്ത്യയെ സമീപിച്ച് കരാര്‍ ഒപ്പിട്ടത്. ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള വണ്‍ വെബ്ബില്‍ ഇന്ത്യയില്‍ നിന്നള്ള വ്യവസായി സുനില്‍ മിത്തല്‍ ഓഹരി പങ്കാളിയാണ്. ഐഎസ്‌ആര്‍ഒയുടെ സേവനവില്‍പ്പന വിപുലമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ന്യൂ ഇന്ത്യ സ്‌പേസ് ലിമിറ്റഡുമായി വണ്‍ വെബ്ബ് കരാറിലെത്താന്‍ ഈ ബന്ധം ഉപകരിച്ചു.
റഷ്യയില്‍ നിന്ന് പിന്‍മാറിയ വണ്‍ വെബ്ബ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയെ സമീപിച്ചെങ്കിലും നിരക്ക് കൂടുതല്‍ കാരണം കരാറിലെത്തിയില്ല. അമേരിക്കയിലെ സ്‌പേസ് എക്‌സ് നിരക്ക് കുറച്ച് പറഞ്ഞെങ്കിലും വണ്‍ വെബ്ബിന് അതു സ്വീകാര്യമായില്ല. അമേരിക്കയില്‍ നിന്ന് മൂന്നാഴ്ച മുമ്ബാണ് 36 ഉപഗ്രഹങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ എത്തിയത്.
137 മീറ്റര്‍ അകലത്തില്‍ ഉപഗ്രഹ നിര
36 ഉപഗ്രഹങ്ങളെ പരസ്പരം കൂട്ടിയിടിക്കാതെ കൃത്യമായ അകലത്തില്‍ ഭ്രമണപഥത്തില്‍ ഇറക്കിവിടുന്നത് അതി സങ്കീര്‍ണമായ പ്രക്രിയയാണെന്ന് വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു. സെക്കന്‍ഡില്‍ 8 കിലോമീറ്റര്‍ വേഗത്തിലാണ് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ പായുന്നത്. ഉപഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കാതിരിക്കാന്‍ 130 മീറ്റര്‍ അകലം പാലിക്കണമെന്നാണ് ബഹിരാരാകാശ ചട്ടം. 30 സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഉപഗ്രഹങ്ങള്‍ നിശ്ചിത ഭ്രമണപഥത്തില്‍ പതിപ്പിച്ചത്. 4 വീതം ക്രമത്തിലായിരുന്നു ഇത്. റോക്കറ്റിന്റെ അവസാനഘട്ടമായ ക്രയോജനിക്കിനെ പ്രത്യേക രീതിയില്‍ ക്രമീകരിച്ചാണ് ഇത് സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
മൊത്തം 5000 സെക്കന്റില്‍ ദൗത്യം പൂര്‍ത്തിയായി. ജിഎസ്‌എല്‍വി റോക്കറ്റിന്റെ പരിഷ്‌കരിച്ച പതിപ്പാണ് എല്‍വിഎം 30. ഇതേ റോക്കറ്റിലാണ് ഇന്ത്യക്കാരെ ബഹിരാകാശത്ത് അയക്കാനിരിക്കുന്നത്. ഇന്നലത്തെ വിക്ഷേപണവിജയം ഇക്കാര്യത്തില്‍ വലിയ ആത്മവിശ്വാസം തരുന്നതായി ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു. തിരുവനന്തപുരം വി.എസ്.എസ്.സി വികസിപ്പിച്ചതാണ് എല്‍വിഎം 3. ഈ റോക്കറ്റില്‍ ഉപഗ്രഹം വിക്ഷേപിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. 10 റോക്കറ്റ് നിര്‍മ്മിച്ചാലും തുടരെ വിക്ഷേപണത്തിന് ആളുകളുണ്ടാകും എന്നതാണ് അവസ്ഥയെന്ന് ഉണ്ണികൃഷ്ണന്‍ നായര്‍ വ്യക്തമാക്കി. 10 ടണ്‍ ബഹിരാകാശത്ത് എത്തിക്കാന്‍ എല്‍വിഎം3ന് ശേഷിയുണ്ട്. നാലുമാസം വേണം ഒരു റോക്കറ്റ് നിര്‍മ്മിക്കാന്‍. റോക്കറ്റിന്റെ ഹാര്‍ഡ് വെയര്‍ നിര്‍മ്മാണത്തിന് കുറച്ചു കമ്ബനികള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. അടുത്ത റോക്കറ്റിന് ആവശ്യമായ ഹാര്‍ഡ് വെയര്‍ എത്തിക്കേണ്ടിയിരിക്കുന്നു.