കോഴിക്കോട്: സ്കൂള്‍ വിട്ട സമയത്ത് സ്കൂളില്‍ കടന്ന് ബാത്റൂമില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍.
കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കല്‍ ജയേഷ്(32) ആണ് അറസ്റ്റിലായത്. പ്രമാദമായ സുന്ദരിയമ്മ വധക്കേസില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെവിട്ട ആളാണ് നിലവില്‍ പോക്സോ കേസില്‍ അറസ്റ്റിലായ ജയേഷ്. വൈകുന്നേരം സ്കൂള്‍ വിടുന്ന സമയം നോക്കി കുട്ടികളെ കൂട്ടുന്നതിനായി വന്ന രക്ഷിതാക്കള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കുമൊപ്പം സമര്‍ത്ഥമായി സ്കൂള്‍ കോമ്ബൗണ്ടില്‍ പ്രവേശിച്ച ശേഷമാണ് സ്കൂളിന്റെ മൂത്രപ്പുരയില്‍ എത്തിയാണ് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതാണ് കേസില്‍ നിര്‍ണായകമായി മാറിയത്. സുന്ദരിയമ്മ കൊലക്കേസില്‍ പ്രതിയായിരുന്ന ജയേഷ് ആണ് പ്രതി എന്ന് സിസിടിവി പരിശോധനയില്‍ പോലീസിന് സംശയം തോന്നുകയായിരുന്നു. മുന്‍പ് ജയേഷിനെ കുറിച്ച് ചാനലുകളില്‍ വന്ന വാര്‍ത്തകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ കാണിച്ചതില്‍ ജയേഷ് തന്നെയാണ് പ്രതിയെന്ന സംശയം ബലപ്പെടുകയും ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ കടത്തികൊണ്ടുപോയതിന് ജയേഷിനെതിരെ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.
കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ച് പോലീസ് സമര്‍ത്ഥമായി പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രാഥമിക തെളിവെടുപ്പിന് ശേഷം പ്രതിയെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി നാലില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.