ന്യൂഡല്‍ഹി: ആവശ്യം കഴിഞ്ഞ ശേഷം ഒരാളെ വലിച്ചെറിയുന്നത് തെറ്റാണെന്ന് കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.
ഒരിക്കലും യൂസ് ആന്‍ഡ് ത്രോയില്‍ ഏര്‍പ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു. നാഗ്‌പൂരില്‍ നടന്ന യംഗ് പ്രസിഡന്‍റ്സ് ഓര്‍ഗനൈസേഷന്റെ ഉദ്ഘാടന വേളയിലാണ് ഗഡ്കരിയുടെ പ്രതികരണം.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും ഗഡ്കരിയെ പുറത്താക്കിയിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും മറ്റ് ചിലരേയും പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ അതേ ദിവസം തന്നെ നിയമിക്കുകയും ചെയ്‌തു. പാര്‍ട്ടിയുടെ സംഘടനാ സജ്ജീകരണത്തിന് ഈ രണ്ട് പാനലുകള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. 2009 മുതല്‍ 2013 വരെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായിരുന്നു നിതിന്‍ ഗഡ്കരി.
‘വ്യവസായം, സാമൂഹിക പ്രവര്‍ത്തനം, രാഷ്ട്രീയം ഇവയില്‍ ഏതിലെങ്കിലുമുള്ള ഏതൊരു വ്യക്തിക്കും മനുഷ്യബന്ധമാണ് ഏറ്റവും വലിയ ശക്തി. നിങ്ങള്‍ ഒരാളുടെ കൈ പിടിച്ചിട്ടുണ്ടെങ്കില്‍, അവന്‍ നിങ്ങളുടെ സുഹൃത്താണെങ്കില്‍, അവനെ ഒരിക്കലും വിട്ട് കളയരുത്. ഒരിക്കലും യൂസ് ആന്‍ഡ് ത്രോ നയത്തില്‍ ഏര്‍പ്പെടരുത്.
ഞാന്‍ വിദ്യാര്‍ത്ഥി നേതാവായിരിക്കുമ്ബോള്‍ കോണ്‍ഗ്രസ് മന്ത്രി ശ്രീകാന്ത് ജിച്ച്‌കര്‍ നല്ല ഭാവിക്കായി കോണ്‍ഗ്രസില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞാന്‍ ബി.ജെ.പിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഞാന്‍ ചിലപ്പോള്‍ കിണറ്റില്‍ ചാടി മരിക്കും, പക്ഷേ കോണ്‍ഗ്രസില്‍ ചേരില്ല. കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം എനിക്ക് ഇഷ്ടമല്ലെന്ന് ഞാന്‍ അദ്ദേഹത്തെ അറിയിച്ചു’-ഗഡ്കരി പറഞ്ഞു.
അതേസമയം, പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനവുമായി ഗഡ്കരിയുടെ പരാമര്‍ശങ്ങളെ ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് മാധവ് ഭണ്ഡാരി പറഞ്ഞു.
‘മനുഷ്യബന്ധങ്ങളെ കുറിച്ചാണ് ഗഡ്കരി ജി സംസാരിച്ചത്. അത് എല്ലാവര്‍ക്കും ബാധകമാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയും പാര്‍ലമെന്ററി ബോര്‍ഡ് സംബന്ധിച്ച പാര്‍ട്ടിയുടെ തീരുമാനവും തമ്മില്‍ ബന്ധമൊന്നും കാണേണ്ടതില്ല’- ഭണ്ഡാരി പറഞ്ഞു.