തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് തന്നെ ഒഴിവാക്കിയതല്ലെന്നും സ്വയം ഒഴിവായതാണെന്നും സി.പി.ഐ നേതാവ് സി ദിവാകരന്‍.
ഒഴിയാനുള്ള താല്‍പ്പര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. തന്നെ വെട്ടാനും നിരത്താനും കഴിവുള്ളവരില്ലെന്ന് സി ദിവാകരന്‍ പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സിലില്‍ പ്രായ പരിധി നടപ്പിലാക്കിയതിനെ തുടര്‍ന്ന് പുറത്തായതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എഴുത്തും വായനയുമായി സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കും. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും സി. ദിവാകരന്‍ വ്യക്തമാക്കി. നിലവിലെ തീരുമാന പ്രകാരം 75ലധികം പ്രായമുള്ളവരെ കൗണ്‍സിലില്‍ ഉള്‍പെടുത്തില്ല. ഇതോടെയാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്നും സി. ദിവാകരന്‍ പുറത്തായത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ സി ദിവാകരനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പ്രായപരിധി നടപ്പിലാക്കുന്നതോടെ കാനം മൂന്നാമതും സെക്രട്ടറിയാകാനാണ് സാധ്യത.
സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം സമവായനീക്കം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന കൗണ്‍സിലിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ കൊല്ലം, തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മത്സരത്തിന് സാധ്യതയുണ്ട്. അതേസമയം കാനം മൂന്നാം തവണയും സെക്രട്ടറിയായി വന്നാല്‍ അത് എതിര്‍ശബ്ദങ്ങളില്ലാതെ ആകരുതെന്നാണ് വിരുദ്ധ പക്ഷം പറയുന്നത്. കാനം രാജേന്ദ്രനെതിരെ മത്സരം സംഘടിപ്പിക്കാനും പ്രകാശ് ബാബുവിനെ എതിര്‍ സ്ഥാനാര്‍ഥിയായി നിര്‍ത്താനുമായിരുന്നു കാനം വിരുദ്ധരുടെ ആലോചന. പ്രായപരിധി നടപ്പാക്കിയാല്‍ ദിവാകരനൊപ്പം കെ.ഇ ഇസ്മയിലും നേതൃനിരയില്‍ നിന്ന് പുറത്ത് പോകും.