ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സിനിമാ വിടുമെന്ന് നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ റണാവത്ത്.
സിനിമാലോകം ഒരു നുണയാണെന്നും അവിടെയുള്ളതെല്ലാം വ്യാജമാണെന്നും കങ്കണ പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയായ് മത്സരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്.
മാണ്ഡി സീറ്റില്‍ വിജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന് കങ്കണ പറഞ്ഞ മറുപടിയാണ് ഇത്. ഒരു ഹിന്ദി മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആണ് കങ്കണ ഇക്കാര്യം പറഞ്ഞത്.
‘സിനിമാ മേഖലയിലുള്ളവർ തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കുന്നതിനായുള്ള കുമിള പോലെ തിളങ്ങുന്ന ഒരു വ്യാജലോകം മാത്രമാണത്. ഒരു ജോലിക്കുവേണ്ടി മാത്രം ഒരു കാര്യം ചെയ്യാൻ താൻ തയ്യാറല്ല. അഭിനയം മടുത്ത സാഹചര്യങ്ങളിലാണ് എഴുതാനും സംവിധാനം ചെയ്യാനും ആരംഭിച്ചത്. കൂടാതെ, നല്ലൊരു അഭിനേത്രിയാണെന്നും ബോളിവുഡ് വിട്ടുപോകരുതെന്ന് സിനിമാപ്രവർത്തകർ തന്നോട് പറയാറുണ്ടെന്നും കങ്കണ കൂട്ടിച്ചേർത്തു’.
അനുരാഗ് ബസു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലൂടെയാണ് കങ്കണ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ക്വീൻ, തനു വെഡ്സ് മനു, തനു വെഡ്സ് മനു റിട്ടേണ്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കങ്കണ പ്രശസ്തയായത്. എമർജൻസിയാണ് കങ്കണയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം.