നടി സായ് പല്ലവിക്കെതിരെ ബജ്രംഗ്ദള് പൊലീസില്‍ പരാതി നല്കി. കഴിഞ്ഞ ദിവസം ‘ഗ്രേറ്റ് ആന്ധ്ര’ എന്ന പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് പരാതി.
ഹൈദരാബാദ് പൊലീസില്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട കൊലയും പശുവിന്റെ പേരില്‍ മുസ്ലിംകള്ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും തമ്മില്‍ ഒരു വ്യത്യാസവും കാണാനാകുന്നില്ലെന്ന് അഭിമുഖത്തില്‍ സായ് പല്ലവി പറഞ്ഞത്. പരാമര്‍ശം വലിയ ചര്‍ച്ചയായതിനു പിന്നാലെ നടിക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ബജ്രംഗ്ദള്
നേതാക്കള്‍ സായ് പല്ലവിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. വിഡിയോ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പ്രതികരിച്ചു.