ചാവക്കാട്: വസ്തു ഉടമയായ സഹോദരിയറിയാതെ ആധാരം ജാമ്യം വെച്ച് ചിട്ടിയില്‍ നിന്നും 1.70 കോടിയോളം രൂപ തട്ടിയ സഹോദരങ്ങള്‍ അറസ്റ്റില്‍.
കടപ്പുറം അഞ്ചങ്ങാടി ഇത്തിക്കാട്ട് മുഹമ്മദ് (70), സഹോദരന്‍ ഐ.കെ. അബൂബക്കര്‍ (65) എന്നിവരെയാണ് ചാവക്കാട് എസ്‌എച്ച്‌ഒ വിപിന്‍ കെ.വേണു ഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2014 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതികളുടെ സഹോദരിയും പരേതനായ രായംമരക്കാര്‍ വീട്ടില്‍ പെരിങ്ങാട്ട് ഷാഹുവിന്റെ ഭാര്യയുമായ സഫിയയുടെ പേരിലുള്ള ആധാരങ്ങള്‍ ചിട്ടിയില്‍ ജാമ്യം നല്‍കിയാണ് ഇരുവരും വ്യാജ ഒപ്പിട്ട് തട്ടിപ്പ് നടത്തിയത്.
സഫിയയുടെ വീട് പുനര്‍നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ആധാരങ്ങള്‍ അടക്കമുള്ള രേഖകള്‍ അബൂബക്കറിനെ ഏല്‍പ്പിച്ചതായിരുന്നു. അബൂബക്കറും സഹോദരന്‍ മുഹമ്മദും ചിട്ടിയിലെ പണമെടുക്കാന്‍ ഈ ആധാരങ്ങള്‍ ഈട് നല്‍കുകയായിരുന്നു. വ്യാജ ഒപ്പുകളിട്ട് തൃശൂര്‍ പൂരം കുറീസില്‍ നല്‍കി പണം കൈപ്പറ്റുകയായിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നടപടികള്‍ ആരംഭിച്ചു. കൂറീസ് ജീവനക്കാര്‍ എത്തിയപ്പോഴാണ് സഫിയ വിവരമറിയുന്നത്. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്തു. ചാവക്കാട് എസ്.ഐ കണ്ണന്‍, സീനിയര്‍ സി.പി. ഒമരായ സൗദാമിനി, സന്ദീപ് നൗഫല്‍, സി.പി. ഒമരായ രജനീഷ്. ജയകൃഷ്ണന്‍, നസല്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.