ന്യൂഡല്‍ഹി: ശശി തരൂര്‍ എംപി കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സമര്‍പ്പിക്കേണ്ട നാമനിര്‍ദ്ദേശ പത്രികയുടെ ഫോം തരൂരിന്റെ പ്രതിനിധി കോണ്‍ഗ്രസ്സ് ആസ്ഥാനത്ത് നിന്ന് കൈപ്പറ്റി. നാമനിര്‍ദ്ദേശ പത്രികകള്‍ ഇന്ന് മുതലാണ് സ്വീകരിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 30ന് ആണ്. ഊഹാപോഹങ്ങള്‍ക്കിടയില്‍ ആദ്യ ദിവസം തന്നെ തരൂര്‍ സ്ഥാനാര്‍ത്ഥിത്വത്തിന് സ്ഥിരീകരണം നല്‍കുകയാണ്. കോണ്‍ഗ്രസ്സ് സെന്‍ട്രല്‍ ഇലക്ഷന് അതോറിറ്റി ചെയര്മാന് മധുസൂദനന് മിസ്ത്രിയില്‍ നിന്നാണ് തരൂരിന്റെ പ്രതിനിധി ഫോം സ്വീകരിച്ചത്.
തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി അഞ്ച് സെറ്റ് നാമനിര്‍ദേശ പത്രികയാണ് തരൂര്‍ കത്തില്‍ ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ അറിയിച്ചു.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെയാണ് തരൂര്‍ മത്സരിക്കുന്നത്. അദ്ദേഹം ഉടന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരെയും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കില്ലെന്ന് കോണ്‍ഗ്രസ്സ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നെഹ്റു കുടുംബത്തില്‍ നിന്ന് ആരും ഇത്തവണ മത്സരിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ ഗാന്ധി തീര്‍ത്ത് പറഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്.