വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഈ വര്‍ഷം വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരെന്‍ ജീന്‍ പിയറി.
ആഘോഷത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
“കഴിഞ്ഞ വര്‍ഷത്തെ പോലെ ഇക്കുറിയും ദീപാവലി ആഘോഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയുമായും ഇന്ത്യന്‍ അമേരിക്കക്കാരുമായുമുള്ള ബന്ധത്തിന് അദ്ദേഹം അത്രമേല്‍ പ്രാധാന്യം നല്‍കുന്നുണ്ട്’ – കാരെന്‍ ജീന്‍ പിയറി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ, മേരിലാന്‍ഡ് ഗവര്‍ണര്‍ ലോറന്‍സ് ഹോഗന്‍ ഒക്ടോബറിനെ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ചു.
ജോര്‍ജ് ബുഷ് പ്രസിഡന്റായിരിക്കെയാണ് വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷത്തിന് തുടക്കമായത്. പിന്നീട് വന്ന ബറാക് ഒബാമയും ഡൊണാള്‍ഡ് ട്രംപും ഈ പതിവ് തുടര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ബൈഡനും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.