കട്ടപ്പന: വാഹനത്തെച്ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ ഗൃഹനാഥന്‍ മരിച്ചു. വാഴവര നിര്‍മലാസിറ്റി പാറയ്‌ക്കല്‍ രാജു ജോര്‍ജാ(47)ണു മരിച്ചത്.
സംഭവത്തില്‍ വാഴവര വാരിക്കുഴിയില്‍ ജോബിന്‍ അഗസ്‌റ്റി(25)നെ കട്ടപ്പന പോലീസ് അറസ്‌റ്റ് ചെയ്‌തു. മറ്റൊരു പ്രതിയായ വാഴവര കുഴിയാത്ത് ഹരികുമാര്‍ (28) സംഘര്‍ഷത്തില്‍ പരുക്കേറ്റ് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ച രാജുവിന് ശരീരത്തില്‍ വലിയ പരുക്കുകള്‍ ഉണ്ടായിരുന്നില്ല. രാജു ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നതായും സംഘര്‍ഷത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും പോലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് രാജുവിന്റെ മകന്‍ രാഹുല്‍, ഹരികുമാറിന്റെ ബൈക്ക് യാത്രയ്‌ക്കായി വാങ്ങിയിരുന്നു. യാത്രയ്‌ക്കിടെ അപകടത്തില്‍പെട്ട ബൈക്ക് നന്നാക്കിയതിന്റെ പണം നല്‍കാമെന്നു രാജുവും രാഹുലും സമ്മതിച്ചിരുന്നു. എന്നാല്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി.ശനിയാഴ്‌ച രാത്രി 10 ന് ശേഷം ജോബിനും ഹരികുമാറും രാജുവിന്റെ വീട്ടിലെത്തുകയും വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ ഹരികുമാറിനും രാജുവിനും പരുക്കേല്‍ക്കുകയും രാജു കുഴഞ്ഞ് വീഴുകയും ചെയ്‌തു. ഓടിക്കൂടിയ നാട്ടുകാര്‍ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കട്ടപ്പന പോലീസ് സ്‌ഥലത്തെത്തി പ്രതികളെ ഇരുവരെയും അറസ്‌റ്റ് ചെയ്‌തെങ്കിലും പരുക്കേറ്റതിനാല്‍ ഹരികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതി ജോബിന്റെയും മരിച്ച രാജുവിന്റെ മകന്‍ രാഹുലിന്റെയും പേരില്‍ എക്‌സൈസ് കേസ് നിലവിലുണ്ട്.