ചെന്നൈ: വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ ജനിച്ചതുമായി ബന്ധപ്പെട്ട് നടി നയന്താരയോടും ഭര്‍ത്താവ് വിഘ്നേഷിനോടും വിശദീകരണം തേടി തമിഴ്നാട് ആരോഗ്യ വകുപ്പ്.
വാടക ഗര്‍ഭധാരണം സംബന്ധിച്ച് രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചോയെന്നാണ് സര്‍ക്കാരിന്റെ അന്വേഷണം.
തമിഴ്നാട് മെഡിക്കല്‍ കോളേജ് ഡയറക്ടറേറ്റ് നയന്താരയോട് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി സുബ്രഹ്മണ്യന് അറിയിച്ചു.
നയന്‍താരയുടേത് വാടകഗര്ഭധാരണമാണെന്ന് കുടുംബസുഹൃത്തിനെ ഉദ്ധരിച്ച് തമിഴ്നാട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, വിഷയത്തില്‍ നയന്‍താരയോ വിഘ്നേഷോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂണിലായിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ചെന്നൈയിലെ മഹാബലിപുരത്ത് വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങിലെ അതിഥികളായി എത്തിയിരുന്നു. രജനികാന്ത്, സൂര്യ, കാര്‍ത്തി, ശിവകാര്ത്തികേയന്, വിജയ് സേതുപതി തുടങ്ങിയ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.