പരിസ്ഥിതി ലോല മേഖല ഉത്തരവില്‍ പ്രതിഷേധിച്ച് വയനാട്, ഇടുക്കി ജില്ലകളിലും മലപ്പുറത്തെ മലയോര മേഖലകളിലും യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം.
പലയിടത്തും വാഹനങ്ങള്‍ തടയുന്നുണ്ട്. മലപ്പുറത്ത് റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
വയനാട്ടില്‍ കടകമ്‌ബോളങ്ങള്‍ എല്ലാം തന്നെ അടഞ്ഞികിടക്കുകയാണ്. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിരത്തില്‍ ഇറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. കല്‍പ്പറ്റ നഗരത്തില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞുവെച്ചു. പിന്നീട് പോലീസ് ഇടപെട്ടാണ് ബസുകള്‍ കടത്തിവിട്ടത്. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനവും നടത്തി.
ഇടുക്കിയില്‍ കട്ടപ്പന, നെടുങ്കണ്ടം, ശാന്തന്‍പാറ മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കുമളിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ചുരുക്കം ചില സ്വകാര്യ-ടാക്സി വാഹനങ്ങളാണ് നിരത്തിലുള്ളത്. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ചരക്ക് വാഹനങ്ങളും ശബരിമല വാഹനങ്ങളും അതിര്‍ത്തി കടന്ന് എത്തുന്നുണ്ട്. കടമ്‌ബോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.
മലപ്പുറം ജില്ലയിലെ മലയോര വനാതിര്‍ത്തി മേഖലകളിലും യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. നിലമ്പൂരില്‍ റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 11 പഞ്ചായത്തുകളിലും നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലും വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കരുവാരക്കുണ്ട്, കാളികാവ്, ചോക്കോട്, അമരമ്പലം, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുക്കല്‍, ചാലിയാര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. പത്രം, പാല്‍, വിവാഹം മറ്റു അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.