കിയവ്: യുക്രെയ്‌നില്‍ റഷ്യ കൈവശപ്പെടുത്തിയ സപോറിഷിയ ആണവനിലയത്തില്‍ ശേഷിക്കുന്ന രണ്ടു റിയാക്ടറുകളിലെ വൈദ്യുതിബന്ധം നിലച്ചതിനെ തുടര്‍ന്നുണ്ടായ ആണവദുരന്തത്തില്‍നിന്ന് ലോകം കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി.
നിലയത്തിന് സമീപമുള്ള കല്‍ക്കരി വൈദ്യുതി സ്റ്റേഷനുമായി ബന്ധപ്പെട്ടുണ്ടായ തീപിടിത്തം രാജ്യത്തിന്റെ വൈദ്യുതി ലൈനുമായുള്ള ആണവ റിയാക്ടറുകളുടെ ബന്ധം വിച്ഛേദിച്ചതായി യുക്രെയ്നിലെ ആണവ കമ്ബനിയായ എനര്‍ഗോട്ടം പറഞ്ഞു. തീപിടിത്ത കാരണം റഷ്യന്‍ ഷെല്ലാക്രമണമാണെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി.
ബുധനാഴ്ച എടുത്ത സാറ്റലൈറ്റ് ചിത്രങ്ങള്‍ ആണവ സമുച്ചയത്തിന്റെ തൊട്ടടുത്ത് വന്‍തോതില്‍ തീ പടരുന്നതായി വ്യക്തമാക്കുന്നു. തീപിടിത്തത്തില്‍ വൈദ്യുതി ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിന്റെ ഫലമായി വ്യാഴാഴ്‌ച സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വൈദ്യുതി യൂനിറ്റുകള്‍ നെറ്റ്‌വര്‍ക്കില്‍നിന്ന് വിച്ഛേദിക്കപ്പെട്ടു. വെള്ളിയാഴ്‌ച ഉച്ചക്കുശേഷം പ്ലാന്റ് വൈദ്യുതിലൈനുമായി വീണ്ടും ബന്ധിപ്പിച്ചതായും ആറു റിയാക്ടറുകളിലൊന്ന് വൈദ്യുതി നല്‍കുന്നതായും എനര്‍ഗോട്ടം അറിയിച്ചു.
തുടര്‍ച്ചയായ വൈദ്യുതി ഉറപ്പാക്കാന്‍ ബാക്ക്-അപ് ഡീസല്‍ ജനറേറ്ററുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് ആശ്വാസമായത്. പ്രദേശത്തെ റഷ്യന്‍ നിയുക്ത ഗവര്‍ണര്‍ യെവ്ജെനി ബാലിറ്റ്‌സ്‌കി ആക്രമണത്തില്‍ യുക്രെയ്ന്‍ സൈന്യത്തെ കുറ്റപ്പെടുത്തി. അതിനിടെ, യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് സമീപം നടത്തുന്ന ആക്രമണത്തില്‍ ആശങ്കയേറുകയാണ്.