കൊല്‍ക്കത്ത: ലൈംഗികശക്തി കുറയ്ക്കുന്നുവെന്ന് ആരോപിച്ച് ബംഗാളില്‍ ബിരിയാണി കടകള്‍ അടപ്പിച്ച് തൃണമൂല്‍ നേതാവ്.
മുന്‍ ബംഗാള്‍ വികസന മന്ത്രി കൂടിയായ രബീന്ദ്രനാഥ് ഘോഷ് ആണ് കൂച്ച് ബിഹാറിലെ രണ്ട് ബിരിയാണി കടകള്‍ അടപ്പിച്ചത്. കൂച്ച് ബിഹാര്‍ നഗരസഭാ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം.
രണ്ടു കടയിലും പുരുഷന്മാരുടെ ലൈംഗികശക്തി കുറയ്ക്കുന്ന തരത്തിലുള്ള മസാലകള്‍ ബിരിയാണിയില്‍ ഉപയോഗിക്കുന്നുവെന്നാണ് രബീന്ദ്രനാഥ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേനാളായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് കടകളില്‍ റെയ്ഡ് നടത്തിയതെന്ന് തൃണമൂല്‍ നേതാവ് പറഞ്ഞു.
എന്നാല്‍, പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല കടകള്‍ അടപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനയ്ക്കിടെ രണ്ടു കടയും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്ന് രബീന്ദ്രനാഥ് ഘോഷ് വിശദീകരിച്ചു.
കൂച്ച് ബിഹാറിലെ ഭവാനിഗഞ്ച് മാര്‍ക്കറ്റിലുള്ള ഷാനിദേവ് ക്ഷേത്രത്തിനു തൊട്ടടുത്താണ് രണ്ട് ബിരിയാണി കടയും പ്രവര്‍ത്തിച്ചിരുന്നത്. ബിഹാര്‍ സ്വദേശികളാണ് കടയുടമകള്‍. ഞായറാഴ്ചയാണ് നഗരസഭാ ഉദ്യോഗസ്ഥരുമായി ഇവിടെ രബീന്ദ്രനാഥ് എത്തിയത്. പരാതി ഉന്നയിച്ചപ്പോള്‍ കടക്കാര്‍ ഇത് നിഷേധിച്ചു. എന്നാല്‍, കൂടുതല്‍ സംസാരമായതോടെ അതു വാക്കുതര്‍ക്കത്തിലെത്തുകയായിരുന്നു. തുടര്‍ന്നാണ് കടകള്‍ അടച്ചുപൂട്ടാന്‍ നഗരസഭാ ചെയര്‍മാന്‍ ഉത്തരവിട്ടത്.