ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെതിരായ അഴിമതി കേസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങി സി.ബി.ഐ.
ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായി ചേര്‍ന്ന് ലാലു പ്രസാദ് യാദവിന്റെ ആര്.ജെ.ഡി സഖ്യ സര്‍ക്കാറുണ്ടാക്കി മാസങ്ങള്‍ക്കുള്ളിലാണ് നടപടി.
ഒന്നാം യു.പി.എ സര്‍ക്കാറില്‍ റെയില്‍വേ മന്ത്രിയായിരിക്കെ ലാലു യാദവ് റെയില്‍വെയുടെ പദ്ധതികള്‍ നല്‍കിയതില്‍ അഴിമതി ആരോപിച്ച് 2018 ലാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്. ലാലു പ്രസാദ് യാദവിനെ കൂടാതെ, മക്കളായ തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍.
2021 മാര്‍ച്ചില്‍ കേസിന്റെ അന്വേഷണം സി.ബി.ഐ അവസാനിപ്പിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനമാക്കി കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഇപ്പോള്‍ നിതീഷ് കുമാര്‍ ബി.ജെ.പിയില്‍ നിന്ന് അകന്ന് ആര്.ജെ.ഡിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതോടെയാണ് കേസ് പുനരന്വേഷണത്തിന് ഒരുങ്ങുന്നത്.
മുംബൈ ബാന്ദ്രയിലെയും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെയും റെയില്‍ ഭൂമി പാട്ടത്തിനെടുത്ത് പദ്ധതികള്‍ നടത്താന്‍ ആഗ്രഹിച്ച ഡി.എല്‍.എഫ് ഗ്രൂപ്പില്‍ നിന്ന് കൈക്കൂലിയായി സൗത് ഡല്‍ഹിയിലെ സ്വത്ത് വാങ്ങിയെന്നാണ് ലാലു പ്രസാദിനും കുടുംബത്തിനുമെതിരായ ആരോപണം. ഡി.എല്‍.എഫിന്റെ ഷെല്‍ കമ്ബനി വാങ്ങിയ ഭൂമി തുച്ഛ വിലക്ക് തേജസ്വി യാദവ് ഉള്‍പ്പെട്ട കുടുംബാംഗങ്ങള്‍ സ്വന്തമാക്കിയെന്നാണ് ആരോപണം.