തിരുവനന്തപുരം: കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ അന്വേഷണം കേരളത്തിലേക്കും.
സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിന്(25) വിയ്യൂര്‍ ജയിലിലുള്ള പ്രതിയുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അസ്ഹറുദ്ദീനെ വിയ്യൂര്‍ ജയിലിലെത്തി മുബിന്‍ കണ്ടതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം ജയിലിലെ സന്ദര്‍ശക വിവരങ്ങള്‍ ശേഖരിച്ചു.
ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള ചില ഉപഗ്രൂപ്പുകളുടെ ഭാഗമാണ് മുബീനും കുട്ടാളികളും എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 2019 ല്‍ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നയാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ വിചാരണ തടവുകാരായി വിയ്യൂര്‍ ജയിലിലാണ് ഉള്ളത്. അതീവ സുരക്ഷാ സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്ന അസ്ഹറുദ്ദീനെ മുബീനും ഇന്നലെ അറസ്റ്റിലായ പ്രതികളും പല തവണ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍.
അസ്ഹറുദ്ദീന് ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായിരുന്ന ഭീകരന്‍ സഹ്‌റാന്‍ ഹാഷിമുമായി അടുത്ത ബന്ധമാണുള്ളത്. തെക്കേ ഇന്ത്യയിലെ ഐഎസിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളായി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. മുബിന്റെ വീട്ടില്‍ വലിയ തോതില്‍ സ്‌ഫോടനവസ്തുക്കള്‍ ശേഖരിച്ചത് ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്‌ഫോടന മാതൃകയില്‍ ചില ആക്രമണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടായിരുന്നുവെന്നും പോലീസിന് സംശയമുണ്ട്.
അന്താരാഷ്‌ട്ര സ്‌ഫോടനങ്ങള്‍ നടത്തുകയും അന്തര്‍ദേശീയ നെറ്റ് വര്‍ക്കുകളുടെ ഭാഗമാണ് പിടിയിലായത് എന്നുള്ളത് കൊണ്ടാണ് എന്‍ഐഎ കേസിലേക്ക് എത്തുന്നത്. സ്‌ഫോടനത്തിന് പിന്നാലെ മുബിന്റെ വീട്ടില്‍ നിന്ന് സ്‌ഫോടനവസ്തു ശേഖരം പോലീസ് കണ്ടെടുത്തിരുന്നു.
ഐഎസ് ബന്ധത്തിന്റെ പേരില്‍ നേരത്തെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുള്ളയാളാണ് മുബിന്‍. ഇതിനാല്‍ തന്നെ ചാവേറാക്രമണത്തിനുള്ള സാധ്യതയും പോലീസ് തള്ളിയിട്ടില്ല. കാറില്‍ നിന്ന് മാര്‍ബിള്‍ കഷ്ണങ്ങളും ആണികളും പോലീസ് കണ്ടെടുത്തിരുന്നു. ആക്രമണം നടത്താനുള്ള പദ്ധതിക്കിടെ അബദ്ധത്തില്‍ കാര്‍ പൊട്ടിത്തെറിച്ചതാവാനും സാധ്യതയുണ്ടെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.