മുംബൈ: ഡോക്ടറുടെ അനാസ്ഥമൂലം ഗര്‍ഭിണിയായ 28-കാരിക്ക് ദാരുണാന്ത്യം. ഡോക്ടറുടെ തെറ്റായ സോണോഗ്രഫി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമായതെന്നാണ് പോലീസ് അറിയിച്ചത്.
മഹാരാഷ്ട്രയിലെ താനെ കല്യാണിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയാണ് മരിച്ചത്. തെറ്റായ പരിശോധനാറിപ്പോര്‍ട്ട് നല്കിയ ഡോക്ടര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം ശനിയാഴ്ച കേസെടുത്തു. കല്യാണിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ പരിശോധനക്കായി സമീപത്തുള്ള സോണോഗ്രഫി സെന്ററിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച ശരിയായ രീതിയില്‍ അല്ലെന്നാണ് സെന്ററിലെ ഡോക്ടര്‍ നല്കിയ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക നല്‍കുകയും തുടര്‍ന്ന് ആരോഗ്യനില വഷളായി യുവതി മരിക്കുകയും ചെയ്തു. ഡോക്ടറുടെ തെറ്റായ സോണോഗ്രഫി റിപ്പോര്‍ട്ടും ശ്രദ്ധക്കുറവുമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഡോക്ടറെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.