ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണവാങ്ങരുതെന്ന് ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഊര്‍ജം വിതരണം ചെയ്യുക എന്ന ധാര്‍മിക ഉത്തരവാദിത്വം സര്‍ക്കാറിനുണ്ടെന്നും എണ്ണവാങ്ങുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് ഊര്‍ജ സെക്രട്ടറി ജെന്നിഫര്‍ ഗ്രാന്‍ഹോമുമായുള്ള ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം വാഷിങ്ടണില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഊര്‍ജം വിതരണം ചെയ്യുക എന്നത് സര്‍ക്കാറിന്‍റെ ധാര്‍മിക ഉത്തരവാദിത്വമാണ്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ല’ -ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
റഷ്യ -യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് നിരവധി രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതിചെയ്യുന്നത് വര്‍ധിപ്പിച്ചു. ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് അമേരിക്കയും ബ്രിട്ടനുമടക്കം രംഗത്തെത്തിയിരുന്നെങ്കിലും ഇറക്കുമതി തുടരുകയായിരുന്നു.
റഷ്യയില്‍ നിന്നുള്ള സംസ്കരിച്ച എണ്ണയുടെ ഇറക്കുമതിയും ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിദിനം ഒരു ലക്ഷത്തോളം ബാരല്‍ സംസ്കരിച്ച എണ്ണയാണ് ഇന്ത്യയിലേക്ക് റഷ്യയില്‍നിന്നും ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 70 ശതമാനവും ഗ്യാസ് ഓയിലാണ്. ജൈവ എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.