ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തൊഴില്‍രഹിതനായതുകൊണ്ട് ഇന്ത്യയിലെ യുവാക്കളെല്ലാം തൊഴില്‍രഹിതരാണെന്ന് അതിന് അര്‍ഥമില്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ.
ഒരു ദേശീയ മാധ്യമത്തിന്റെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലക്ഷ്യം 2024, ദക്ഷിണേന്ത്യയില്‍ ആരാണ് ജയിക്കുക’ എന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അണ്ണാമലൈ.
”കോണ്‍ഗ്രസിന്റെ ശൈലി കാരണം ദേശീയ പാര്‍ട്ടികള്‍ക്ക് തമിഴ്‌നാട്ടില്‍ ചീത്തപ്പേര് ലഭിച്ചു. കോണ്‍ഗ്രസിന്റെ നേതാവ് രാഹുല്‍ ഗാന്ധിക്ക് തൊഴിലില്ലാത്തതിനാല്‍ രാജ്യത്തെ യുവാക്കളെല്ലാം തൊഴില്‍ രഹിതരാണ് എന്ന് അതിന് അര്‍ഥമില്ല”- അണ്ണാമലൈ പറഞ്ഞു.
2024ലെ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രത്യേകിച്ച് തമിഴ്‌നാട്ടിലും തെലങ്കാനയിലും ബിജെപി നേട്ടമുണ്ടാക്കും. ഒപ്പം കര്‍ണാടകയിലും കേരളത്തിലും. പാര്‍ട്ടിയുടെ വിജയത്തില്‍ വികസന പദ്ധതികളും ‘മോദി ഘടക’വും നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.