ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നാളെ ആരംഭിക്കും.
വൈകിട്ട് അഞ്ചിന് കന്യാകുമാരിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് യാത്ര ഉദ്ഘാടനം ചെയ്യും. അച്ഛന് രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്ബത്തൂരിലെ സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് രാഹുല്‍ കന്യാകുമാരിയിലേക്ക് പോകുന്നത്.
‘മൈല്‍ കദം, ജൂഡെ വതാന്‍’ എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. ‘ഒരുമിച്ച് ചേരൂ, രാജ്യം ഒന്നിക്കും’ എന്നതാണ് മുദ്രാവാക്യത്തിന്റെ അര്‍ത്ഥം. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദയാത്രയായിരിക്കും ഭാരത് ജോഡോ യാത്ര. അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന പദയാത്രയില്‍ രാഹുല്‍ ഗാന്ധി 3,500 കിലോമീറ്ററിലധികം സഞ്ചരിക്കും. 12 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര പ്രധാനമായും കടന്നുപോകുന്നത്.
കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്കുള്ള യാത്രയില്‍ രാഹുലിനൊപ്പം 300 പേരാണ് എത്തുക. രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍ ഹോട്ടലുകളില്‍ തങ്ങില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്നറുകളിലാണ് ഇവരെ പാര്‍പ്പിക്കുക. നാളെ ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ കന്യാകുമാരിയിലേക്ക് പദയാത്രയില്‍ പങ്കെടുക്കും. ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്ക് പോകും.