ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.
രാഷ്ട്രീയത്തില്‍ ഫലപ്രദമല്ലാത്ത രാഹുല്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ധൈര്യപ്പെടരുതെന്നാണ് സ്മൃതിയുടെ മുന്നറിയിപ്പ്. വര്‍ഷകാല സമ്മേളനത്തിന്റെ മൂന്നാം ദിന നടപടികള്‍ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്മൃതിയുടെ രൂക്ഷ വിമര്‍ശനം. പാര്‍ലമെന്റിനെ അനാദരിക്കുകയും സഭയുടെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് ബിജെപി എംപിയുടെ ആരോപണം. രാഹുല്‍ ഗാന്ധി ഒരിക്കലും ഒരു ചോദ്യവും ഉന്നയിച്ചിട്ടില്ലെന്നും പാര്‍ലമെന്റിന്റെ നടപടികളെ എപ്പോഴും അനാദരിക്കുന്നുവെന്നും പാര്‍ലമെന്റില്‍ 40 ശതമാനത്തില്‍ താഴെ ഹാജരുള്ള ആളാണ് രാഹുല്‍ എന്നും വാര്‍ത്താസമ്മേളനത്തില്‍ സ്മൃതി ഇറാനി പറഞ്ഞു.
പാര്‍ലമെന്റില്‍ ഉല്‍പ്പാദനക്ഷമമായ സംവാദം നടക്കില്ലെന്ന് ഉറപ്പാക്കാന്‍ തന്റെ രാഷ്ട്രീയ സഹപ്രവര്‍ത്തകരെ നിയോഗിച്ച മാന്യന്‍. അമേഠി എംപി എന്ന നിലയില്‍ ഒരിക്കല്‍ പോലും പാര്‍ലമെന്റില്‍ ഒരു ചോദ്യവും ഉന്നയിച്ചിട്ടില്ല. ഒരുനാള്‍ അമേഠി ഉപേക്ഷിച്ച് വയനാട്ടിലേക്ക് പോയി. 2019ലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ രാഹുലിന്റേത് വെറും 40 ശതമാനം ഹാജര്‍ നില മാത്രമായിരുന്നുവെന്നാണ് സ്മൃതി ഇറാനി ആരോപിച്ചത്.