ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നാല് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.
ഷഹീന്‍ബാഗ് സ്വദേശികളായ മുഹമ്മദ് ഷുഹൈബ്, ഹബീബ് അസ്ഗര്‍ ജമാലി, അബ്ദുള്‍ റാബ്ബ്, വാരിഷ് എന്നിവരാണ് അറസ്റ്റിലായത്. യുഎപിഎ നിയമപ്രകാരമാണ് നടപടി.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ നാല് പേര്‍ക്കുമെതിരെ ഷഹീന്‍ബാഗ് പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. നാലംഗ സംഘം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരിശോധനയും നടത്തിയിരുന്നു. ഇതില്‍ നാലുപേര്‍ക്കുമെതിരെ തെളിവുകള്‍ ലഭിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് മുന്‍പ് 50 ഇടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. 32 പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെയുള്ള ഡല്‍ഹിയിലെ ആദ്യ അറസ്റ്റാണ് ഇതെന്ന് പോലീസ് പറഞ്ഞു.