ഹൈദരാബാദ്: മുസ്ലീം സമുദയാത്തില്‍പ്പെട്ടവരാണ് ഈ രാജ്യത്ത് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതെന്ന് എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി.
മുസ്ലീം ജനതയുടെ ജനസംഖ്യ ഉയരുന്നില്ല. അതിനെപ്പറ്റി ആരും വിഷമിക്കേണ്ടതില്ല. മുസ്ലീങ്ങളുടെ ജനസംഖ്യ താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് ഒവൈസി പറഞ്ഞു.
ദയവായി ടെന്‍ഷനടിക്കരുത്.. മുസ്ലീം ജനസംഖ്യ കുറഞ്ഞ് വരികയാണ്. രണ്ട് കുട്ടികള്‍ ജനിച്ചതിനിടയിലുള്ള ഗ്യാപിനെ സ്‌പേസിംഗ് എന്നാണ് വിളിക്കുക. ഏറ്റവുമധികം സ്‌പേസിംഗ് നിലനിര്‍ത്തുന്നത് ആരാണെന്നറിയാമോ? മുസ്ലീമുകളാണ്. ഏറ്റവുമധികം കോണ്ടം ഉപയോഗിക്കുന്നത് ആരാണെന്നറിയാമോ? അതും ഞങ്ങള്‍ തന്നെ. അതുകൊണ്ട് മുസ്ലീം ജനസംഖ്യ രാജ്യത്ത് കുറയുകയാണെന്നും ഒവൈസി ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കവെ പറഞ്ഞു.
ജനസംഖ്യ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ ചൈനയില്‍ സംഭവിച്ചതെന്താണെന്ന് നോക്കിയാല്‍ മതി. ഒറ്റക്കുട്ടി നയം സ്വീകരിച്ച ചൈന ഇപ്പോള്‍ പ്രായമായവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിങ്ങള്‍ ഖുറാന്‍ ഒന്ന് വായിക്കണം. ഗര്‍ഭച്ഛിദ്രം നടത്തുന്നത് വലിയ പാപമാണെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ടെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്‌ട്ര സഭ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം 2021ല്‍ ഇന്ത്യയില്‍ 140 കോടിയിലധികം ജനസംഖ്യയുണ്ടെന്നാണ് പറയപ്പെടുന്നത്. 2022 ആയപ്പോഴേക്കും ഇത് 160 കോടിയില്‍ എത്തിയിരിക്കാമെന്നാണ് വിലയിരുത്തല്‍. ലോകത്തെ ജനസംഖ്യയെടുത്താല്‍ അത് 800 കോടിയാണെന്നും സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. പ്രകൃതിയുടെ നിലനില്‍പ്പിനും വരുംതലമുറുകളുടെ ഭാവിക്കുമായി ജനസംഖ്യ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യത്ത് ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് എഐഎംഐഎം അദ്ധ്യക്ഷന്റെ പ്രസ്താവന. ജനസംഖ്യ വര്‍ധിക്കുന്നതില്‍ മുസ്ലീം സമുദായത്തിന് യാതൊരു പങ്കുമില്ലെന്ന് തെളിയിക്കാനുള്ള ശ്രമമായാണ് ഒവൈസിയുടെ പ്രസ്താവനയെ വിലയിരുത്തുന്നത്.