തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. സെക്രട്ടേറിയറ്റിലെ ഇടത് സംഘടനാ നേതാക്കള്‍ ആണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ചട്ടങ്ങള്‍ ലംഘിച്ച് രാഷ്ട്രീയ മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
15ന് ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഒരു ലക്ഷം പേര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. മാര്‍ച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആണ് ഉദ്ഘാടനം ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാര്‍ച്ചില്‍ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബിജെപി ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഉദ്യോഗസ്ഥരുടെ പേരുകളും മാര്‍ച്ചില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും കൈമാറി. തുടര്‍ന്ന് ഗവര്‍ണര്‍ പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു.