രാജീവ് ഗാന്ധി വധക്കേസില്‍ താന്‍ നിരപരാധിയാണെന്ന് ജയില്‍ മോചിതയായ നളിനി ശ്രീഹരന്‍. താന്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ളയാളാണ്.
ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോഴും രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോഴും ഞാനും എന്റെ കുടുംബവും കരഞ്ഞു. ആ ദിവസം ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നും നളിനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ രാജീവ് ഗാന്ധി കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ നളിനി തയ്യാറായില്ല.
‘ഞാന്‍ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ളയാളാണ്. ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ ഞങ്ങള്‍ ആ ദിവസം മുഴുവന്‍ ഭക്ഷണം കഴിച്ചില്ല. നാല് ദിവസം ഞങ്ങള്‍ കരഞ്ഞു. രാജീവ് ഗാന്ധി മരിച്ചപ്പോഴും ഞങ്ങള്‍ മൂന്ന് ദിവസം കരയുകയായിരുന്നു. പക്ഷേ അദ്ദേഹത്തെ കൊന്നു എന്ന കുറ്റം ഞാന്‍ വഹിക്കുന്നു. ആ കുറ്റം തെളിഞ്ഞാല്‍ മാത്രമേ എനിക്ക് വിശ്രമിക്കാനാകൂ,’ നളിനി ശ്രീഹരന്‍ പറഞ്ഞു. ‘കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് എനിക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ഒറ്റുന്ന ശീലം എനിക്കില്ല. ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ 32 വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. എനിക്കറിയില്ല ആരാണെന്ന്,’ നളിനി പറഞ്ഞു.