ന്യൂഡല്‍ഹി
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എത്തുന്നതിനുമുമ്ബ് രാജസ്ഥാന് കോണ്‍ഗ്രസില്‍ വെടിനിര്‍ത്തലിന് ഗെലോട്ട്– പൈലറ്റ് പക്ഷങ്ങള്‍ തമ്മില്‍ ധാരണ.
ചൊവ്വാഴ്ച ജയ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. ഞായറാഴ്ചയാണ് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കുക. ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ ഗെലോട്ടിനെ നീക്കി മുഖ്യമന്ത്രിയാകാന്‍ പൈലറ്റ് നീക്കങ്ങള്‍ ശക്തമാക്കിയതോടെയാണ് രാജസ്ഥാന് കോണ്‍ഗ്രസില്‍ ഗ്രൂപ്പുപോര് രൂക്ഷമായത്. യോഗത്തിനെത്തിയ ഗെലോട്ടും പൈലറ്റും പരസ്പരം കൈകൂപ്പി അഭിവാദ്യം ചെയ്തു.