മുംബൈ: യുവതിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് സി.ഐ.എസ്.എഫ് (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്) വാഹനത്തിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ പാല്‍ഘര്‍ ജില്ലയിലെ ബോയ്സര്‍ ടൗണിലാണ് ഞെട്ടിക്കുന്ന സംഭവം. ‘നേഹ എന്നാണ് കൊല്ലപ്പെട്ട സ്ത്രീയുടെ പേര്. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്ന് ഇയാള്‍ സ്ത്രീക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് നിലത്തു വീണ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
തുടര്‍ന്ന്, ഇയാള്‍ സി.ഐ.എസ്.എഫ് വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിലെ കാരണവും പ്രതിയും ഇരയും തമ്മിലുള്ള ബന്ധവും ഇതുവരെ കണ്ടെത്താനായിട്ടില്ല’- പൊലീസ് അറിയിച്ചു. ഐ.പി.സിയിലെ വിവിധ വകുപ്പുകളോടൊപ്പം ആയുധ നിയമപ്രകാരവും പൊലീസ് കേസെടുത്തു.
അതേസമയം, ഇൗ വര്‍ഷം മെയില്‍ മുംബൈയിലെ ഡോംബിവ്ലിയില്‍ നടന്ന സമാനമായ മറ്റൊരു സംഭവത്തില്‍ ഒരാള്‍ തന്റെ മുന്‍ കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ വസതിയില്‍ ജീവനൊടുക്കിയിരുന്നു. മറ്റൊരു പുരുഷനുമായി യുവതിയുടെ കല്യാണം നിശ്ചയിച്ചത് വിവാഹിതനും രണ്ട് കുട്ടികളുമുള്ള പ്രതിയെ പ്രകോപിപ്പിച്ചു. അവസാനമായി ഒരു തവണ വീട്ടില്‍ വന്ന് കാണണമെന്ന് അഭ്യര്‍ഥിച്ച ഇയാള്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു.