കൊച്ചി: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേസില്‍ ഷാജ് കിരണും ഇബ്രാഹിമും ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. ഉച്ചയോടെ എറണാകുളം പൊലീസ് ക്ലബ്ബില്‍, അന്വേഷണ സംഘത്തിന് മുന്നിലാണ് ഇരുവരും ഹാജരാകുന്നത്. ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു.
പുലര്‍ച്ചയോടെ ചെന്നൈയില്‍ നിന്നും കേരളത്തില്‍ തിരിച്ചെത്തിയ ഷാജ് കിരണും ഇബ്രാഹിമും കേസില്‍ നിലവില്‍ പ്രതികളല്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. ആവശ്യമെങ്കില്‍ ഇരുവരേയും പൊലീസിന് നോട്ടീസ് നല്കി വിളിപ്പിക്കാം എന്നും കോടതി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിന്‍വലിക്കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് കേസ്.