തിരു: തിരുവനന്തപുരം മേയര്‍ പദവിയില്‍ നിന്ന് ആര്യ രാജേന്ദ്രനെ പുറത്താക്കാന്‍ സിപിഐ (എം) തയ്യാറെടുക്കുന്നതായി സൂചന. മേയറിന്റെ അഹങ്കാരവും ഭരണരംഗത്തെ പിടിപ്പുകേടും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയെന്ന അഭിപ്രായം പാര്‍ട്ടി കമ്മിറ്റികളില്‍ ഉയര്‍ന്നതോടെയാണ് ആര്യയെ പദവിയില്‍ നിന്ന് നീക്കം ചെയ്യുവാന്‍ പാര്‍ട്ടി തയ്യാറെടുക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതിയുമായാണ് കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് ശേഷം ആര്യ രാജേന്ദ്രന്‍ പദവി ഏറ്റെടുക്കുന്നത്. വലിയ വാര്‍ത്താ പ്രാധാന്യമാണ് സിപിഐ(എം) ന്റെ ഈ നടപടിക്ക് ലഭിച്ചത്. എന്നാല്‍ തനിക്കേല്‍പ്പിച്ച കടമ നിറവേറ്റുവാന്‍ ആര്യക്ക് കഴിഞ്ഞില്ലെന്ന പൊതു വിലയിരുത്തലാണ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്. ഭരണതലത്തില്‍ ഗുരുതര വീഴ്ചയാണ് നാല് വര്‍ഷക്കാലം നഗരസഭയില്‍ സംഭവിച്ചത്. റോഡുകളുടെയും ഓടകളുടെയും നിര്‍മ്മാണത്തിന്റെ പേരില്‍ നഗരത്തില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പേര് പറഞ്ഞാണ് റോഡുകള്‍ പൊളിച്ചിട്ടത്. ജനങ്ങളുടെ പ്രതിഷേധം ഉയരുമ്പോള്‍ എല്ലാം മേയര്‍ പുതിയ തീയതി പറയുന്നതല്ലാതെ നിര്‍മ്മാണം എങ്ങും എത്താത്തത് വിമര്‍ശനം വിളിച്ചുവരുത്തി. കോര്‍പ്പറേഷന്റെ നിയമനം സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറിക്ക് കത്തെഴുതിയതും ആര്യയെ പ്രതിരോധത്തില്‍ ആക്കി. ഇതിനിടയിലാണ് കെ.എസ്.ആര്‍.റ്റി.സി. ഡ്രൈവറെ തടഞ്ഞ സംഭവം വലിയ വിവാദമായത്. ഈ വിഷയത്തില്‍ ആര്യയുടെ ഭാഗത്ത് നില്‍ക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും തയ്യാറായില്ല എന്ന് മാത്രമല്ല അനാവശ്യമായി ഈ വിഷയം ഉണ്ടാക്കിയ ആര്യക്ക് എതിരെ ജില്ലാ കമ്മിറ്റിയില്‍ രൂക്ഷമായ വിമര്‍ശനവും ഉണ്ടായി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കേ ഇനിയും ഈ മേയറെ വെച്ച് മുന്നോട്ട് പോയാല്‍ പാര്‍ട്ടിക്ക് ഭരണം കിട്ടില്ലെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്. കൗണ്‍സിലര്‍മാരില്‍ പരിചയ സമ്പന്നയായ ആരെയെങ്കിലും മേയര്‍ ആക്കി മികച്ച ഭരണത്തിനുള്ള ആലോചനയാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്.
മേയര്‍ പദവിയില്‍ നിന്ന് ആര്യ രാജേന്ദ്രനെ മാറ്റാന്‍ ആലോചന : ഭരണം നിലനിര്‍ത്താന്‍ മുഖം മാറ്റി പരീക്ഷണത്തിന് സിപിഎം.
Date: