തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ 295 താല്‍ക്കാലിക തസ്തികകളില്‍ പാര്‍ട്ടിക്കാരെ ഉള്‍പ്പെടുത്താനുള്ള പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ കത്ത് പുറത്ത് വന്നതിന് പിന്നാലെ കോര്‍പ്പറേഷന്റെ നിയമനാധികാരം റദ്ദാക്കി സര്‍ക്കാര്‍.
കോര്‍പ്പറേഷനിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
ഈ മാസം ഒന്നിന് മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ അയച്ച കത്ത് ചില പാര്‍ട്ടി നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി ചോര്‍ന്നതോടെയാണ് വിവാദമായത്. ‘സഖാവ്’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദാംശങ്ങള്‍ നല്‍കിയ ശേഷം ഇതിനായി ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ത്ഥിക്കുന്നു’. മേയര്‍ ഒപ്പിട്ട കത്തില്‍ എങ്ങനെ അപേക്ഷിക്കണം, അവസാന തീയതി എന്നിവയും അടങ്ങിയിരിക്കുന്നു. ഇതോടെ പ്രധാന തസ്തികകളില്‍ നിന്ന് താല്‍ക്കാലിക ഒഴിവുകളിലേക്ക് വരെ, തങ്ങളുടെ പ്രിയപ്പെട്ടവരെ സി.പി.എം കടത്തിവിടുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ഇടപെടല്‍.