മെയിന്‍പുരിയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കല്‍ അനിവാര്യമാണെന്നാണ് ഭോജിപുരയില്‍നിന്നുള്ള സമാജ്വാദി പാര്‍ട്ടി എം.എല്‍.എ ഷഹ്സില്‍ ഇസ്ലാം റിപ്പോര്‍ട്ടമാരോട് പറയുന്നത്.
ഡിസംബര്‍ അഞ്ചിന് നടക്കുന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവിെന്‍റ ഭാര്യ ഡിംപിള്‍ യാദവ് മെയിന്‍പുരിയില്‍നിന്ന് മത്സരിക്കുന്നുണ്ട്. ഭര്‍തൃപിതാവും പാര്‍ട്ടി സ്ഥാപകനുമായിരുന്ന മുലായം സിങ് യാദവിെന്‍റ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്നതാണിവിടെ. മുലായം കുടുംബത്തിെന്‍റ കീശയിലുള്ള സീറ്റ് എന്നാണ് ഈ മണ്ഡലം അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ നിലനിര്‍ത്തല്‍ സമാജ്വാദി പാര്‍ട്ടിക്കും പിടിച്ചെടുക്കല്‍ ഭാരതീയ ജനതാപാര്‍ട്ടിക്കും അഭിമാനപ്രശ്നമാണ്. എസ്.പിയുടെ ശക്തിദുര്‍ഗങ്ങളായിരുന്ന അഅ്സംഗഢും രാംപുരും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലായി ബി.ജെ.പി പിടിച്ചെടുത്തിരുന്നു.
സ്വാധീനമുള്ള യുവ നേതാവ് സൂരജ് യാദവിനൊപ്പമാണ് ഷഹ്സില്‍ പ്രചാരണത്തിനെത്തിയിരിക്കുന്നത്. അവര്‍ക്കു പുറമെ നിരവധി മുസ്ലിം, യാദവ നേതാക്കള്‍ മറ്റിടങ്ങളില്‍നിന്ന് ഇവിടെയെത്തുന്നുണ്ട്- പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കുകയാണ് അവരുടെ ലക്ഷ്യം.
ഭോജിപുര നിയമസഭാ മണ്ഡലത്തിെന്‍റ അഭയ്പുര്‍, ഭോരിപുര, ദൊഹാന തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളില്‍നിന്നുള്ള പല വിഭാഗത്തില്‍പ്പെട്ട ആളുകളുമായി നടത്തിയ സംഭാഷണത്തില്‍ ഒരു കാര്യം വ്യക്തമായി. മേഖലയില്‍ മുമ്ബെങ്ങുമില്ലാത്ത വിധത്തില്‍ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ പീഡനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു.
പാഞ്ഞുകയറുന്ന ബുള്‍ഡോസറുകള്‍
തെരഞ്ഞെടുപ്പ് ഫലമറിഞ്ഞതിന് പിന്നാലെ ഈ വര്‍ഷം ഏപ്രില്‍ മൂന്നിന് ഷഹ്സില്‍ നടത്തിയ പ്രസംഗത്തിനെതിരെ ഒരു ആരോപണമുയര്‍ന്നിരുന്നു. ‘ആദിത്യനാഥിെന്‍റ ഓരോ വിദ്വേഷ പരാമര്‍ശത്തിനും നേരെ എസ്.പി വെടിയുണ്ട ഉതിര്‍ക്കും’ എന്ന് പറഞ്ഞുവെന്നാണ് ആക്ഷേപം. ഷഹ്സില്‍ ഇതു നിഷേധിക്കുന്നുവെങ്കിലും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തു. നാലു ദിവസം കഴിഞ്ഞ് ഏപ്രില്‍ ഏഴിന് ഭോജിപുര-ബറേലി റോഡിലുള്ള അയാളുടെ പെട്രോള്‍ പമ്ബ് ബുള്‍ഡോസര്‍ കയറ്റി തകര്‍ക്കുകയും ചെയ്തു.
ഷെഹ്സില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ 2002ല്‍ ഞങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിച്ചു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞതിനേക്കാള്‍ പ്രകോപനമുള്ള കാര്യമാണോ ഇതെന്ന് ചോദിക്കുന്നു അവിടെ വെച്ച് സംസാരിച്ച ഒരാള്‍. മിക്ക ദിവസവും മുസ്ലിം വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തും. കുറഞ്ഞത് അമ്ബത് ചെറുപ്പക്കാരെയെങ്കിലും അഭയ്പുരില്‍ നിന്ന് മാത്രം പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. അവര്‍ക്കെതിരെ ആഭ്യന്തര സുരക്ഷ, ഭീകരവാദം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ചാര്‍ത്തി ജയിലിലടക്കുകയും ചെയ്തു. അഭയ്പുര്‍ പഞ്ചായത്ത് പ്രധാന്‍ ഹമീദ് മേവാത്തി പറയുന്നു. നാലായിരത്തോളം പേര്‍ താമസിക്കുന്ന പഞ്ചായത്തില്‍ ഭൂരിഭാഗവും മുസ്ലിംകളാണ്. യാദവരും മറ്റുവിഭാഗങ്ങളുമുണ്ട്. ആദിത്യനാഥിെന്‍റ സമുദായമായ ഠാകുര്‍ വിഭാഗക്കാരാണ് പൊലീസുകാരില്‍ അധികവും, അവര്‍ മുസ്ലിംകളെ തിരഞ്ഞുപിടിച്ച് കൊണ്ടുപോവാറാണെന്നാണ് ഹാമിദിനൊപ്പം കണ്ട യുവാക്കള്‍ ആരോപിക്കുന്നു.
മേഖലയിലെ പ്രമുഖ നേതാവ് അഅ്സംഖാെന്‍റ കാര്യമാണ് അവര്‍ ഉദാഹരണമായി പറയുന്നത്. വര്‍ഷങ്ങളായി അദ്ദേഹം ജയിലിലാണ്. 2019ല്‍ ജാമ്യത്തിലിറങ്ങിയ സമയത്ത് അദ്ദേഹത്തിനു മേല്‍ വിദ്വേഷ പ്രസംഗ കുറ്റം ചാര്‍ത്തി. മൂന്നു വര്‍ഷത്തേക്ക് തടവിന് വിധിക്കുകയും പാര്‍ലമെന്‍റംഗത്വം നഷ്ടമാവുകയും ചെയ്തു. എന്നാല്‍, അമിത് ഷായെയും ആദിത്യനാഥിനെയും പോലുള്ളവര്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തുടരത്തുടരെ ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ചുകൊണ്ടേയിരിക്കുന്നു, അവര്‍ക്കെതിരെ ഒരു കേസുപോലും ചുമത്തപ്പെടുന്നില്ല- ഒരു ഗ്രാമീണന്‍ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പിനുശേഷം ദൊഹാനയില്‍നിന്ന് നാല്‍പതിലേറെ മുസ്ലിം യുവാക്കളെ പിടികൂടി ജയിലിലടച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രധാന്‍ ഫയാസ് ഖാെന്‍റ ബന്ധു ഇഹ്സാന്‍ പറയുന്നു. ഭോജിപുരയിലെ പ്രധാന്‍ വീരേന്ദ്ര സിങ് ഈ ലേഖകനോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല. തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
മതവിഭാഗീയത സംസ്ഥാനത്ത് അതിശക്തമാകുേമ്ബാഴും ദൊഹാന്‍, ഭോജിപുര, അഭയ്പുര്‍ ഗ്രാമങ്ങളില്‍ ഹിന്ദു സഹോദരങ്ങള്‍ തങ്ങളോട് ഏറെ സൗഹാര്‍ദപരമായാണ് വര്‍ത്തിക്കുന്നതെന്ന് ഹാമിദ് മേവാത്തി പറയുന്നു. ഞങ്ങള്‍ അവരുടെ വിവാഹ പരിപാടികളിലും ഹോളി, ദീപാവലി ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്, അതുപോലെ അവര്‍ രണ്ടു പെരുന്നാള്‍ ആഘോഷങ്ങളിലും ഞങ്ങള്‍ക്കൊപ്പം ചേരുന്നു. ഞങ്ങള്‍ തമ്മിലെ ബന്ധത്തിന് ഒരു ഉലച്ചിലും സംഭവിച്ചിട്ടില്ല. വര്‍ഷങ്ങളായി യു.പിയിലെ മുസ്ലിംകള്‍ സമാജ്വാദി പാര്‍ട്ടിയെയാണ് പിന്തുണച്ചു പോരുന്നത്. മൂന്നു പതിറ്റാണ്ടിലേറെ പിന്തുണ നല്‍കിയിട്ടും പാര്‍ട്ടി തങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നില്ല എന്ന ചിന്ത സമുദായത്തിനിടയിലുണ്ട്.
മുലായം സിങ് ഇപ്പോഴില്ല. എല്ലാവരും ഒരു ദിവസം മരിക്കും. പക്ഷേ, മുലായവും ലാലുവും തമ്മിലെ വ്യത്യാസം കാണാതെ പോകരുത്. ലാലുജി എത്രയോകാലം ജയിലില്‍ കിടന്ന് ദുരിതപ്പെട്ടു. പക്ഷേ, അദ്ദേഹം ഒരുഘട്ടത്തില്‍പോലും ബി.ജെ.പിയുടെ സമ്മര്‍ദത്തിന് വഴങ്ങിയിട്ടില്ല. മുലായമിന് ജയിലിലൊന്നും കിടക്കേണ്ടി വന്നിട്ടില്ല, എന്നിട്ടും അദ്ദേഹം ബി.ജെ.പിയോട് മൃദുസമീപനം കൈക്കൊണ്ടു- ദൊഹാനയില്‍നിന്നുള്ള മുന്ന എന്ന 35കാരെന്‍റ ആക്ഷേപം.
സാമൂഹിക നിരീക്ഷകരും അത്തരം ചിന്താഗതി പങ്കുവെക്കുന്നുണ്ട്. അഅ്സംഖാെന്‍റ പാര്‍ലമെന്‍റംഗത്വം നീക്കം ചെയ്തതിനെതിരെ സമാജ്വാദി പാര്‍ട്ടി കാര്യമായ പ്രതിഷേധം വല്ലതും നടത്തിയോ? ദിനേനയെന്നോണം മുസ്ലിം വീടുകള്‍ ബുള്‍ഡോസറുകള്‍ കയറ്റി തകര്‍ത്തിട്ട് പാര്‍ട്ടി അതിനെതിരെ തെരുവിലിറങ്ങിയോ? ബറേലി ഇന്‍വെര്‍ട്ടിസ് സര്‍വകലാശാലയില്‍ ജേണലിസം പ്രഫസറായ സന്ദീപ് ദുബെ ചോദിക്കുന്നു.
അഅ്സംഖാന്‍ കോഴിയെ മോഷ്ടിക്കുമോ?
ജനങ്ങള്‍ പറഞ്ഞ പരാതികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്, എന്തേ പാര്‍ട്ടി ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്താത്തത് എന്നുചോദിച്ചപ്പോള്‍ ബറേലി ഡിവിഷന്‍ ഇന്‍ചാര്‍ജ് ഷമീം ഖാന്‍ സുല്‍ത്താനി ” ബി.ജെ.പി ഒരു ഫാഷിസ്റ്റ് പാര്‍ട്ടിയാണ്. ജുഡീഷ്യറി, അന്വേഷണ ഏജന്‍സികള്‍, തെരഞ്ഞെടുപ്പ് കമീഷന്‍, പൊലീസ്, ബ്യൂറോക്രസി എന്നിവയെല്ലാം അവരുടെ നിയന്ത്രണത്തിലാണ്. നമ്മള്‍ ബി.ജെ.പിക്കെതിരെ ജനാധിപത്യ രീതിയില്‍ പോരാടുകയാണ്” എന്ന സങ്കീര്‍ണമായ മറുപടിയാണ് നല്‍കിയത്. എന്നാല്‍, ബി.ജെ.പിക്കെതിരായ പോരാട്ടം ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ വേണമെന്ന അഭിപ്രായമാണ് സുല്‍ത്താനിക്ക് ചുറ്റുമിരുന്ന പാര്‍ട്ടി അംഗങ്ങളില്‍ ഭൂരിഭാഗവും പ്രകടിപ്പിച്ചത്.
സംസ്ഥാനത്തെ ജനസംഖ്യയുടെ 19 ശതമാനമാണ് മുസ്ലിംകള്‍, എന്നാല്‍ ജയിലുകളിലാവട്ടെ 38 ശതമാനം പേരും മുസ്ലിംകളാണ്. അഅ്സംഖാനെതിരായ കേസുകളില്‍ ആടും കോഴിയും മോഷ്ടിച്ചുവെന്നൊക്കെയുണ്ട്. അഅ്സംഖാനെപ്പോലെയുള്ള ഒരാള്‍ കോഴികക്കാനിറങ്ങുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ആദിത്യനാഥിനെതിരെ കൊലപാതകം ഉള്‍പ്പെടെ എഴുപത്തഞ്ചോളം കേസുകളുണ്ടായിരുന്നു, സ്വന്തം പേരിലുള്ള കേസുകള്‍ സ്വയം പിന്‍വലിച്ച ആദ്യ മുഖ്യമന്ത്രിയാണദ്ദേഹം- ജയിലില്‍ പോകുന്നതിനോട് നിങ്ങള്‍ക്ക് പേടിയുണ്ടെന്ന് കണ്ടാല്‍ ആദിത്യനാഥ് നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്തും, അഖിലേഷ് കൂടുതല്‍ കരുത്തുള്ള മതേതരത്വ രീതി സ്വീകരിക്കണം എന്നഭിപ്രായമുള്ള പ്രവര്‍ത്തകരിലൊരാള്‍ പറയുന്നു. ഉവ്വ്, ജനങ്ങള്‍ക്കിടയില്‍ നിരാശയുണ്ട്, പക്ഷേ പാര്‍ട്ടി ഉണര്‍ന്നുപ്രവര്‍ത്തിക്കുക തന്നെ ചെയ്യും-ആ അഭിപ്രായപ്രകടനം ഉള്‍ക്കൊണ്ടെന്ന മട്ടില്‍ സുല്‍ത്താനി പ്രതികരിക്കുന്നു.