ചെന്നൈ: മ്യാന്മാറില്‍ സായുധ സംഘത്തിന്റെ തടവിലായ ഇന്ത്യക്കാരെ രക്ഷിക്കാന്‍ നടപടി ഊര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. കുടുങ്ങിക്കിടക്കുന്നവരുമായി തായ്ലന്‍ഡിലെ ഇന്ത്യന്‍ എംബസി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചു രക്ഷാശ്രമം തുടരുകയാണ്. മ്യാന്മറിലെ ഇന്ത്യന്‍ എംബസി മുഖേന നടത്തിയ രക്ഷാശ്രമങ്ങള്‍ വേണ്ട രീതിയില്‍ വിജയിക്കാത്തതിനെ തുടര്‍ന്ന് തായ്ലന്‍ഡിലെ ഇന്ത്യന്‍ എംബസി ഇടപെട്ടത്.
മ്യാന്മറില്‍ ഇന്ത്യക്കാരെ തടങ്കലില്‍ പാര്‍പ്പിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യിക്കുന്ന സായുധസംഘം, ഈ വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചവരെ കണ്ടെത്തി ‘ശിക്ഷിക്കാന്‍’ നീക്കം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ അയച്ചവരെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് ഗുണ്ടാസംഘം അറിയിച്ചെന്നും ഇന്ത്യക്കാരെ ലാവോസിലെ കൂടുതല്‍ നിയന്ത്രണങ്ങളുള്ള ക്യാംപിലേക്കു മാറ്റുമെന്നു ഭീഷണിപ്പെടുത്തിയതായും തടവിലുള്ള മലയാളികള്‍ വെളിപ്പെടുത്തി.
അതേസമയം തടവിലുള്ള 300 അംഗസംഘത്തിലെ 30 മലയാളികളും പേരും മറ്റുവിവരങ്ങളും കൈമാറി. വരുംദിവസങ്ങളില്‍ തുടര്‍ നടപടികളുണ്ടാകുമെന്നാണു വിവരം. ഡേറ്റാ എന്‍ട്രി ജോലിക്കെന്നു പറഞ്ഞ് ഇവരെ റിക്രൂട്ട് ചെയ്ത ഏജന്‍സികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇന്ത്യക്കാര്‍ക്കു പുറമേ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ സംഘത്തിന്റെ പിടിയിലുണ്ട്. കെനിയന്‍ എംബസി അവരുടെ പൗരന്മാരെ സായുധസേനയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.