കൊച്ചി: മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടുത്തമാസം കേരള ഫിലിം ചേംബര്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തിലേക്ക് ഒടിടി പ്ലാറ്റ്ഫോമുകളെയും ക്ഷണിക്കാന്‍ തീരുമാനം. ആദ്യമായാണ് ഒടിടി പ്രതിനിധികളെ പങ്കെടുപ്പിച്ച് സിനിമാരംഗത്തെ സംഘടനകളുടെ സമ്പൂര്‍ണയോഗം ചേരുന്നത്. ബുധനാഴ്ച കേരള ഫിലിംചേംബറിന്റെ എക്സിക്യൂട്ടീവ് യോഗമാണ് തീരുമാനമെടുത്തത്.
കാണികളില്ലാതെ തിയറ്ററുകള്‍ നേരിടുന്ന പ്രതിസന്ധി, ഒടിടി റിലീസ് വ്യവസ്ഥചെയ്യല്‍, തിയറ്ററുകളിലെ ടിക്കറ്റ് നിരക്ക്, താരങ്ങളുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും പ്രതിഫലം കുറയ്ക്കല്‍ തുടങ്ങിയ പ്രധാന വിഷയങ്ങളാകും യോഗത്തില്‍ ചര്‍ച്ചചെയ്യുക. പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തിയറ്ററര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ചേംബറിന് നിവേദനം നല്‍കിയിരുന്നു. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളും സമാന ആവശ്യം ഉന്നയിച്ചു. ഇന്ത്യന്‍ സിനിമയാകെ ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതായി ചേംബര്‍ യോഗം വിലയിരുത്തി. തെന്നിന്ത്യന്‍ സിനിമ സംഘടനകള്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. തെലുങ്ക് സിനിമ നിര്‍മാതാക്കള്‍ ആഗസ്ത് ഒന്നുമുതല്‍ ചിത്രീകരണം നിര്‍ത്തിവച്ച് സ്ഥിതി അവലോകനം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ മലയാള സിനിമ മേഖലയെക്കുറിച്ചും സമഗ്ര അവലോകനം വേണമെന്ന് ചേംബര്‍ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
മലയാള സിനിമകളുടെ ഒടിടി റിലീസ് എട്ടാഴ്ചയ്ക്കുശേഷമാക്കാന്‍ ചേംബര്‍ യോഗം തത്വത്തില്‍ തീരുമാനിച്ചു. ഓണത്തിനുമുമ്പ് തീരുമാനം നടപ്പാകും. മലയാള സിനിമ നേരിടുന്ന പ്രതിസന്ധികളില്‍ പ്രധാനം ഒടിടി റിലീസാണ്. കേരളത്തിലൊഴികെ എല്ലായിടത്തും തിയറ്റര്‍ റിലീസ് കഴിഞ്ഞ് എട്ടാഴ്ചയ്ക്കുശേഷമാണ് ഒടിടി പ്രദര്‍ശനം. ഇവിടെ നിലവില്‍ ആറാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് ഒടിടി പ്രതിനിധികളെക്കൂടി സമ്പൂര്‍ണ സിനിമ യോഗത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചത്. താരങ്ങള്‍തന്നെ അവരുടെ സിനിമകളുടെ നിര്‍മാതാക്കളാകുന്ന പ്രവണത വര്‍ധിച്ചതും പ്രമുഖ നിര്‍മാതാക്കള്‍ക്കുപോലും പ്രധാന താരങ്ങളുടെ ഡേറ്റ് കിട്ടാത്തതും പ്രതിസന്ധിയായതായി യോഗത്തില്‍ നിര്‍മാതാക്കള്‍ അഭിപ്രായപ്പെട്ടു. താരപ്രതിഫലമാകട്ടെ നിര്‍മാണച്ചെലവിന്റെ 70 ശതമാനംവരെ ഉയര്‍ന്നു. പുതുതലമുറ പ്രേക്ഷകര്‍ക്ക് താല്‍പ്പര്യമുള്ള വിധത്തില്‍ ചിത്രങ്ങളെടുക്കാന്‍ നിര്‍മാതാക്കള്‍ക്ക് കഴിയുന്നില്ല. ഇത്തരം മോശം പ്രവണതകള്‍ക്ക് അറുതിയുണ്ടാകണമെന്നും പുതുതലമുറ കാണികളെ തിയറ്ററുകളിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ആവശ്യമായ തീരുമാനങ്ങളുണ്ടാകണമെന്നും വിവിധ സംഘടനാ പ്രതിനിധികള്‍ ചേംബര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.