ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങള്‍ക്കൊപ്പമാണ് സുപ്രീം കോടതി നിലകൊള്ളുന്നതെന്ന് അഭിപ്രായപ്പെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിക്കാന്‍ അപേക്ഷ.
അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ടരമണിക്ക് ബി.ജെ.പി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് അപേക്ഷ നല്‍കിയത്.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം. എസിന്റെ നിയമനം റദ്ദാക്കികൊണ്ടുള്ള വിധിക്കെതിരായ വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്‍റെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും ഇകഴ്ത്തി കാണിക്കുന്നതും ആണെന്ന് അറ്റോര്‍ണി ജനറലിന് നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. നവംബര്‍ 18ന് കൊച്ചിയില്‍ മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടുള്ള അപേക്ഷ.
അറ്റോര്‍ണി ജനറലിന് സമര്‍പ്പിച്ച അപേക്ഷയില്‍ മന്ത്രിയുടെ അഭിപ്രായം ശരിയാണെന്ന് ജനങ്ങള്‍ വിശ്വസിക്കാമെന്നും പറയുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) (എ) ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം മന്ത്രിക്ക് ലഭിക്കില്ല. ഭരണഘടനാ തത്വങ്ങളും പ്രതിജ്ഞയും പാലിക്കാന്‍ മന്ത്രിക്ക് ബാധ്യതയുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി മന്ത്രി തന്‍റെ പദവി ദുരുപയോഗം ചെയ്തുവെന്നും അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. അറ്റോര്‍ണി ജനറലിന്‍റെ അനുമതി ലഭിച്ചാല്‍ മാത്രമേ ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യാന്‍ കഴിയൂ.