കൊച്ചി: ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു.
സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതുവരെ കേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി നല്കിയ ഹരജിയിലാണ് കോടതി നടപടി.
പത്ത് ദിവസത്തിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രനെ മാറ്റി അസി. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ്. എം. മേനോനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മല്ലി ജൂണ്‍ 12 ന് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ തീരുമാനം വരുന്നതുവരെ പാലക്കാട് മണ്ണാര്‍ക്കാട് സ്പെഷ്യല്‍ കോടതിയില്‍ നടന്നു വരുന്ന കേസിന്റെ വിചാരണ നിറുത്തിവെക്കണമെന്നും വിചാരണ തുടര്‍ന്നാല്‍ തനിക്കു നീതി ലഭിക്കില്ലെന്നും മല്ലി നല്കിയ ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ സാക്ഷികള്‍ പലരും ഇതിനോടകം കൂറുമാറിയെന്നും കൂടുതല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നും മധുവിന്റെ കുടുംബം പറഞ്ഞു. പത്താം സാക്ഷി ഉണ്ണികൃഷ്ണന്, പതിനൊന്നാം സാക്ഷി ചന്ദ്രന് എന്നിവര്‍ പ്രതികള്‍ക്ക് അനുകൂലമായി കൂറ് മാറിയിരുന്നു. സാക്ഷികളെ പ്രതികള്‍ ഒളിവില്‍ പാര്‍പ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.