നൂഹ്: ഹരിയാനയിലെ നൂഹില്‍ മദ്രസയ്ക്കുള്ളില്‍ 11 വയസ്സുകാരനെ സുഹൃത്ത് കൊലപ്പെടുത്തി. സെപ്റ്റംബര്‍ അഞ്ചിനാണ് ടെഡ് ഗ്രാമത്തില്‍ താമസിക്കുന്ന 11 കാരനായ സമീറിനെ മദ്രസയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ 13 കാരനെ പൊലീസ് പിടികൂടി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, കുറ്റാരോപിതനായ വിദ്യാര്‍ഥി മദ്രസയില്‍ പഠിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. അതിനാല്‍ മദ്രസക്ക് അപകീര്‍ത്തിയുണ്ടാക്കാന്‍ വേണ്ടി സമീറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സെപ്റ്റംബര്‍ മൂന്നിനാണ് സമീറിനെ 13 കാരന്‍ കൊന്നത്. സമീറിനെ മദ്രസയുടെ ബേസ്‌മെന്റിലെ മുറിയിലേക്ക് കൊണ്ടുപോയി കൊന്ന് മണലില്‍ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ കുട്ടിയെ ഫരീദാബാദിലെ കറക്ഷണല്‍ ഹോമിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.
കുറ്റാരോപിതനായ കുട്ടിയും കൊല്ലപ്പെട്ട സമീറും ഒരുമിച്ച് കളിക്കാറുണ്ടെന്നും നല്ല സൗഹൃദത്തിലാണെന്നും നൂഹ് പൊലീസ് സൂപ്രണ്ട് വരുണ്‍ സിംഗ്ല പറഞ്ഞു. സെപ്തംബര്‍ മൂന്നിനാണ് താന്‍ കൃത്യം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.
അഴുകിയ മൃതദേഹം സെപ്റ്റംബര്‍ അഞ്ചിന് കണ്ടെടുക്കുകയും പിനങ്കാവ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു.
സമീര്‍ 2021 മുതല്‍ ഷാ ചൗഖ ഗ്രാമത്തിലെ ദര്‍ഗ വാല മദ്രസയില്‍ താമസിച്ച് ഉറുദു, അറബിക് ഭാഷകള്‍ പഠിച്ചു വരികയായിരുന്നു. സെപ്റ്റംബര്‍ മൂന്നിന് സമീറിനെ മദ്രസയില്‍ നിന്ന് കാണാതായെന്ന് ഗ്രാമവാസികളിലൊരാളായ ഹാജി അക്തര്‍ വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നീട് കെട്ടിടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.