ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുര എക്സ്പ്രസ് വേയില്‍ ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെടിവെച്ച് കൊന്നശേഷം യുവതിയുടെ പിതാവ് മൃതദേഹം പ്ലാസ്റ്റിക് കവര്‍കൊണ്ട് പൊതിഞ്ഞ് ബാഗിലാക്കിയെന്നാണ് പൊലീസ് പറയുന്നത്.
ആയുഷി യാദവ് എന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്. ഡല്‍ഹിയിലെ ബദര്‍പൂര്‍ സ്വദേശിനിയാണ്.
പൊലീസ് പറയുന്നതനുസരിച്ച്, കുറച്ച് ദിവസം മുമ്ബ് കൊല്ലപ്പെട്ട ആയുഷി തന്റെ പിതാവ് നിതേഷ് യാദവിനോട് പറയാതെ എവിടെയോ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ശേഷം യുവതിയോട് ദേഷ്യപ്പെട്ട പിതാവ് വെടിയുതിര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് മൃതശരീരം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ട്രോളി ബാഗിലാക്കി യമുന എക്‌സ്പ്രസ് വേയില്‍ ഉപേക്ഷിച്ചു.വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
‘യുവതിയെ തിരിച്ചറിയാന്‍ പൊലീസിന് ആദ്യം കഴിഞ്ഞിരുന്നില്ല. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സമീപ ജില്ലകളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അറിയിച്ചിട്ടുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്’- സര്‍ക്കിള്‍ ഓഫീസര്‍ (സി.ഒ) അലോക് സിങ് പറഞ്ഞു.