കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.
ഭാരത് ജോഡോ യാത്രയെ തുടര്‍ന്ന് റോഡുകളിലെ ഗതാഗതം സ്തംഭിക്കുകയാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്ജിക്കാരന് ഹൈക്കോടതിയിലെ അഭിഭാഷകനാണ്.
ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന എല്ലാ വഴികളിലും ഗതാഗതക്കുരുക്കുണ്ടെന്നും റോഡ് പൂര്‍ണ്ണമായും ജോഡോ യാത്രക്കാര്‍ക്കായി വിട്ടു കൊടുക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഭാരത് ജോഡോ യാത്ര ദേശീയപാതയുടെ ഒരുഭാഗത്ത് കൂടി മാത്രമാക്കണമെന്നും മറുഭാഗം ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ നിര്‍ദേശിക്കണമെന്നും ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഭാരത് ജോഡോ യാത്രയ്ക്കായി പൊലീസ് നല്കുന്ന സുരക്ഷയ്ക്കായി പണം ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. രാഹുല്‍ ഗാന്ധി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് എന്നിവരെയാണ് ഹര്‍ജിയില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നാളെ കേസ് പരിഗണിക്കും.