കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിദഗ്ധരെ ഉള്‍പ്പെടുത്തി കേരളത്തില്‍ മാലിന്യ സംസ്കരണ പദ്ധതി ഊര്‍ജിതമാക്കും.
ഇതിനായി സഹായം നല്‍കുമെന്ന് ലോകബാങ്ക് അറിയിച്ചു. സംസ്ഥാനത്തെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ സര്‍വേ നടത്താന്‍ ലോകബാങ്കുമായി ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനുമായി ലോകബാങ്ക് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ലോകബാങ്ക് വിദഗ്ദ്ധ സഹായവും വായ്പയും വാഗ്ദാനം ചെയ്തു. ലോകബാങ്ക് പദ്ധതിയായ കേരള ഖരമാലിന്യ സംസ്കരണത്തിന്‍റെ ഫണ്ട് അടിയന്തരമായി വിനിയോഗിക്കാനുള്ള സന്നദ്ധതയും അവര്‍ പ്രകടിപ്പിച്ചു. ഇന്‍റര്‍നാഷണല്‍ സോളിഡ് വേസ്റ്റ് അസോസിയേഷനില്‍ (ഐഎസ്ഡബ്ല്യുഎ) നിന്നുള്ള വിദഗ്ധരുടെ സേവനവും അനുവദിക്കും. ലോകബാങ്ക് സംഘം തദ്ദേശ സ്വയംഭരണ മന്ത്രിയുമായും സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തി ഭാവി പരിപാടികള്‍ ആവിഷ്കരിക്കും.
ഡ്രോണ്‍ സര്‍വേയെത്തുടര്‍ന്ന് മാലിന്യ നിര്‍മാര്‍ജന കേന്ദ്രങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്താനും അന്താരാഷ്ട്ര വിദഗ്ധരുടെ സഹായത്തോടെ തുടര്‍നടപടി സ്വീകരിക്കാനും തയ്യാറാണെന്ന് ലോകബാങ്ക് സംഘം അറിയിച്ചു. ഇതിനായി പ്രത്യേക പദ്ധതിനിര്‍വ്വഹണ വിഭാഗം ആരംഭിക്കുന്നതാണ് ഉചിതമെന്ന് ലോകബാങ്ക് സംഘം നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി അത് അംഗീകരിച്ചു.